ക്രൊയേഷ്യക്കെതിരെയുള്ള ആവേശോജ്ജ്വലമായ വിജയത്തിന് ശേഷം ടൊറന്റോ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് ഫുട്ബോൾ ലോകത്തെ ഏറ്റവും വികാരാധീനമായ ഒരു നിമിഷത്തിനായിരുന്നു. റഫറിയുടെ ഫൈനൽ വിസിൽ മുഴങ്ങിയതിന് പിന്നാലെ, പ്രീ-ക്വാർട്ടർ യോഗ്യതയുടെ ആഹ്ലാദ പ്രകടനങ്ങൾക്കിടയിലും പോർച്ചുഗൽ കളിക്കാർ ഒരിടത്തേക്ക് ഒത്തുകൂടി. ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയും റൂബൻ നെവസും ചേർന്ന് 21-ാം നമ്പർ ജേഴ്‌സി ഉയർത്തിപ്പിടിച്ചപ്പോൾ സ്റ്റേഡിയം മുഴുവൻ കൈയടികളോടെ അവരെ പിന്തുണച്ചു.
കഴിഞ്ഞ വർഷം കാർ അപകടത്തിൽ ദാരുണമായി ജീവൻ നഷ്ടപ്പെട്ട പോർച്ചുഗലിന്റെ പ്രിയപ്പെട്ട മുന്നേറ്റ താരം ഡീഗോ ജോട്ടയ്ക്കുള്ള ആദരവായിരുന്നു ആ നിമിഷം.
വേർപാടിന്റെ ഒരു വർഷം; ജോട്ടയെ മറക്കാതെ സഹതാരങ്ങൾ
2026 ലോകകപ്പിൽ പോർച്ചുഗൽ മുന്നേറ്റ നിരയുടെ കുന്തമുനയാകേണ്ടിയിരുന്ന താരമായിരുന്നു ഡീഗോ ജോട്ട. ജോട്ടയുടെ അപ്രതീക്ഷിത വേർപാട് ടീമിനെ കടുത്ത മാനസിക വിഷമത്തിലാഴ്ത്തിയിരുന്നു. അദ്ദേഹം മരിച്ചിട്ട് കൃത്യം ഒരു വർഷം തികയുന്ന ഈ വേളയിൽ, പ്രീ-ക്വാർട്ടറിലേക്കുള്ള തങ്ങളുടെ ഈ വലിയ വിജയം അന്തരിച്ച തങ്ങളുടെ പ്രിയ സുഹൃത്തിന് സമർപ്പിക്കാൻ ടീം തീരുമാനിക്കുകയായിരുന്നു.

ഈ ലോകകപ്പിൽ ജോട്ടയുടെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ 21-ാം നമ്പർ ജേഴ്‌സി ധരിച്ചാണ് റൂബൻ നെവസ് കളത്തിലിറങ്ങുന്നത്. മത്സരശേഷം ജോട്ടയുടെ പേരെഴുതിയ ജേഴ്‌സി ഉയർത്തിപ്പിടിച്ച്, ആകാശത്തേക്ക് കൈകൾ ചൂണ്ടിയാണ് കളിക്കാർ മൈതാന മധ്യത്തിൽ നിന്നത്. സൂപ്പർ താരം ബ്രൂണോ ഫെർണാണ്ടസ് അടക്കമുള്ള പല കളിക്കാരും ഈ സമയം കണ്ണീരടക്കാൻ പാടുപെടുന്നുണ്ടായിരുന്നു.
ഡീഗോ എപ്പോഴും ഞങ്ങളുടെ ഹൃദയത്തിലുണ്ട്. ഈ ലോകകപ്പിൽ അവൻ ഞങ്ങളോടൊപ്പം ഉണ്ടാകേണ്ടതായിരുന്നു. ഈ വിജയം അവനുള്ളതാണ്, ഞങ്ങൾ അവന് വേണ്ടി പോരാട്ടം തുടരും.മത്സരശേഷം വികാരാധീനനായി ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.
കളിക്കളത്തിലെ വലിയ പോരാട്ടങ്ങൾക്കപ്പുറം ഫുട്ബോൾ എങ്ങനെ മനുഷ്യരെയും സൗഹൃദങ്ങളെയും കൂട്ടിയിണക്കുന്നു എന്നതിന്റെ നേർക്കാഴ്ചയായി മാറി പോർച്ചുഗൽ താരങ്ങളുടെ ഈ സ്നേഹാദരം.