കൊച്ചി:സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ അശ്ലീല വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപം നടത്തിയ സംഭവത്തിൽ നടി ഹണി റോസിനോടും കുടുംബത്തോടും പരസ്യമായി മാപ്പുപറഞ്ഞ് പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ.
താൻ നടത്തിയ പ്രസ്താവനകൾ നടിക്കും കുടുംബത്തിനും വലിയ രീതിയിൽ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് ബോധ്യപ്പെട്ടതായും, ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലൂടെ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
താൻ വരുത്തിവെച്ച ബുദ്ധിമുട്ടുകൾക്ക് ആത്മാർഥമായി ഖേദിക്കുന്നുവെന്നും, ഈ മാപ്പപേക്ഷ സ്വീകരിച്ച് ഹണി റോസ് തനിക്കെതിരെയുള്ള നിയമനടപടികൾ പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബോബി ചെമ്മണ്ണൂർ പറഞ്ഞു. ഈ വിഷയത്തെ മാനുഷിക പരിഗണനയോടെ കാണണമെന്നും വിവാദങ്ങൾക്കപ്പുറം പോസിറ്റീവായി മുന്നോട്ട് പോകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ഉദ്ഘാടന ചടങ്ങിൽ വെച്ച് ബോബി ചെമ്മണ്ണൂർ നടത്തിയ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾക്കെതിരെ ഹണി റോസ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയതോടെയാണ് വിവാദങ്ങളുടെ തുടക്കം.
തുടർന്ന് മുൻപ് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും കോടതി കർശന നിർദേശങ്ങളോടെ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ഈ നിയമപോരാട്ടം തുടരുന്നതിനിടയിലാണ് ഇപ്പോൾ ബോബി ചെമ്മണ്ണൂരിന്റെ ഭാഗത്തുനിന്നും പരസ്യമായ ക്ഷമാപണം ഉണ്ടായിരിക്കുന്നത്.