ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങി; കേരള ഹൗസ് പ്രോട്ടോക്കോൾ ഓഫീസർക്ക് സസ്‌പെൻഷൻ

ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങി; കേരള ഹൗസ് പ്രോട്ടോക്കോൾ ഓഫീസർക്ക് സസ്‌പെൻഷൻ

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഡൽഹിയിൽ നിന്നുള്ള വിമാനയാത്ര കൃത്യസമയത്ത് ഏകോപിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയ കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫീസർ ആർ. ശ്രീകുമാറിനെ സർക്കാർ സസ്‌പെൻഡ് ചെയ്തു. പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനത്തിലുണ്ടായ ഗുരുതരമായ പിഴവാണ് മുഖ്യമന്ത്രിയുടെ യാത്ര തടസ്സപ്പെടാൻ കാരണമായതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് അടിയന്തര നടപടി.

മുഖ്യമന്ത്രിയുടെ പ്രോട്ടോക്കോൾ ചുമതല വഹിച്ചിരുന്ന ശ്രീകുമാർ ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയതായി അഡീഷണൽ റസിഡന്റ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. പ്രോട്ടോക്കോൾ ഓഫീസറും വിമാനക്കമ്പനി അധികൃതരും തമ്മിൽ നടക്കേണ്ടിയിരുന്ന ആശയവിനിമയത്തിൽ പാളിച്ച ഉണ്ടായതാണ് പ്രധാന പ്രശ്നമായത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഇപ്പോൾ സസ്പെൻഷൻ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.