ഖത്തർ വാണിജ്യ-വ്യവസായ മന്ത്രിയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി കൂടിക്കാഴ്ച നടത്തി.
ദോഹ: ഖത്തറിൽ റീട്ടെയ്ൽ സാന്നിധ്യം വിപുലമാക്കുന്നതിന്റെ ഭാഗമായി 500 ദശലക്ഷം റിയാലിന്റെ പദ്ധതികൾ പ്രാവർത്തികമാക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി.
ഖത്തർ വാണിജ്യ-വ്യവസായ മന്ത്രി ഷെയ്ഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽ താനിയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി കൂടിക്കാഴ്ച നടത്തി.
ലുലു ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ ഷെയ്ഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽ താനി അഭിനന്ദിച്ചു. പശ്ചിമേഷ്യൻ സംഘർഷ സമയങ്ങളിൽ ലുലു ഗ്രൂപ്പ് നടത്തിയ പ്രവർത്തനത്തെ അദ്ദേഹം പ്രശംസിച്ചു. ഖത്തറിന്റെ വാണിജ്യ രംഗത്ത് റീട്ടെയ്ൽ മേഖല നിർണായക സംഭവനകളാണ് നൽകുന്നത്. രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയ്ക്കും ഭക്ഷ്യ ശൃംഖലയ്ക്കും ലുലു നൽകുന്ന സംഭാവനകൾ എടുത്ത് കാണേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ലുലുവിന്റെ പ്രവർത്തനങ്ങൾക്ക് ഷെയ്ഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽ താനി പൂർണ പിന്തുണയും ഉറപ്പുനൽകി.

ലുലുവിന്റെ വികസന പദ്ധതികൾക്ക് ഖത്തർ ഭരണകൂടം നൽകുന്ന പിന്തുണയ്ക്ക് എം എ യൂസഫലി നന്ദി അറിയിച്ചു. നിലവിൽ 24 ഹൈപ്പർ മാർക്കറ്റുകളാണ് ഖത്തറിൽ ലുലുവിനുള്ളത്. മൂന്ന് ഹൈപ്പർമാർകറ്റുകൾ കൂടി അടുത്ത് തന്നെ യാഥാർത്ഥ്യമാക്കും.
വാണിജ്യ-വ്യവസായ മന്ത്രാലയ അണ്ടർ സെക്രട്ടറി സാലെ ബിൻ മജെദ് അൽ ഖുലൈഫി, ലുലു ഗ്രൂപ്പ് ഗ്ലോബൽ ഓപ്പറേഷൻസ് ആൻഡ് ചീഫ് സസ്റ്റൈനിബിളിറ്റി ഓഫീസർ ഡോ. മുഹമ്മദ് അൽത്താഫ് എന്നിവരും കൂടിക്കാഴ്ചയിൽ ഭാഗമായി.