പോർച്ചുഗലിനെ സമനിലയിൽ തളച്ച് കോംഗോ; ചരിത്ര റെക്കോർഡുമായി റൊണാൾഡോ

പോർച്ചുഗലിനെ സമനിലയിൽ തളച്ച് കോംഗോ; ചരിത്ര റെക്കോർഡുമായി റൊണാൾഡോ

ഹൂസ്റ്റൺ:ലോകകപ്പിലെ ഗ്രൂപ്പ് K പോരാട്ടത്തിൽ കരുത്തരായ പോർച്ചുഗലിനെ സമനിലയിൽ തളച്ച് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ. ടെക്സാസിലെ ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരം ഇരുടീമുകളും ഓരോ ഗോൾ വീതം നേടി (1-1) സമനിലയിൽ പിരിയുകയായിരുന്നു. മത്സരത്തിൽ പോർച്ചുഗലിനായി ജൊവാവോ നെവെസും കോംഗോയ്ക്കായി യോവാനെ വിസ്സയും ഗോളുകൾ നേടി.

പെട്ടെന്നുള്ള ലീഡും കോംഗോയുടെ തിരിച്ചടിയും മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ പോർച്ചുഗൽ ആദ്യ ഗോൾ കണ്ടെത്തി. യുവതാരം ജൊവാവോ നെവെസാണ് ടീമിന് സ്വപ്നതുല്യമായ തുടക്കം സമ്മാനിച്ചത്. ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തിൽ പോർച്ചുഗലിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമെന്ന ബഹുമതിയും നെവെസ് സ്വന്തമാക്കി.

എന്നാൽ ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ പോർച്ചുഗൽ ഡിഫൻസിനെ ഞെട്ടിച്ച് കോംഗോ തിരിച്ചടിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ (45+5′ മിനിറ്റ്) യോവാനെ വിസ്സയാണ് കോംഗോയ്ക്കായി സമനില ഗോൾ നേടിയത്. ലോകകപ്പ് ചരിത്രത്തിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ നേടുന്ന ആദ്യ ഗോൾ എന്ന സവിശേഷതയും ഇതിനുണ്ട്. രണ്ടാം പകുതിയിൽ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം അകന്നുനിന്നു.

ചരിത്ര നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

മത്സരത്തിൽ ഗോൾ നേടാനായില്ലെങ്കിലും പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു അപൂർവ്വ ചരിത്ര നേട്ടം സ്വന്തമാക്കി. 41-ാം വയസ്സിൽ തന്റെ ആറാം ലോകകപ്പ് മത്സരത്തിനാണ് റൊണാൾഡോ ഇന്ന് ബൂട്ട് കെട്ടിയത്. ഇതോടെ ലോകകപ്പ് ചരിത്രത്തിൽ ആറ് ടൂർണമെന്റുകളിൽ കളിക്കുന്ന ആദ്യ ഫുട്ബോൾ താരമെന്ന റെക്കോർഡ് റൊണാൾഡോയ്ക്ക് സ്വന്തമായി.