പൗരവകാശങ്ങൾക്കും ജനാധിപത്യത്തിനും വിലയിടുന്നവരോട് സന്ധിയില്ലാതെ സമരം ചെയ്യും; വോട്ട് ചെയ്തതിന് പിന്നാലെ പ്രതികരിച്ച് പിഷാരടി

പൗരവകാശങ്ങൾക്കും ജനാധിപത്യത്തിനും വിലയിടുന്നവരോട് സന്ധിയില്ലാതെ സമരം ചെയ്യും; വോട്ട് ചെയ്തതിന് പിന്നാലെ പ്രതികരിച്ച് പിഷാരടി

കൊച്ചി: പാലക്കാട് വോട്ട് പിടിക്കാനായി ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍ പണവും സാരിയും കൊടുക്കുന്നുണ്ടെന്ന് നേരത്തെ അറിഞ്ഞിരുന്നുവെന്നും നിയമപരമായി പരാതി നല്‍കിയിട്ടുണ്ടെന്നും രമേഷ് പിഷാരടി. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായി രമേശ് പിഷാരടി തൃപ്പൂണിത്തുറ ഗവണ്‍മെന്‍റ് ഗേള്‍സ് ഹൈസ്‌കൂളിലെ 96-ാം നമ്പര്‍ ബൂത്തിലാണ് കെ. ബാബു എംഎല്‍എക്കൊപ്പം വോട്ട് ചെയ്തത്.

പാലക്കാട് യുഡിഎഫ് അനുകൂല കാറ്റാണ് വീശുന്നതെന്ന് രമേശ് പിഷാരടി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇപ്പോള്‍ തന്നെ തിരിച്ച് പാലക്കാട് മണ്ഡലത്തിലേക്ക് പോവുകയാണ്. യുഡിഎഫ് അനുകൂല കാറ്റാണ് വീശുന്നത്. പാലക്കാട് പുലര്‍ച്ചെ നാലു മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ ഒന്നു വരെ എല്ലാ ദിവസവും വോട്ടര്‍മാരെ കണ്ടിട്ടുണ്ട്. മറ്റു സ്ഥാനാര്‍ഥികളെ നോക്ക് കൊണ്ടോ വാക്ക് കൊണ്ടോ ആക്രമിച്ചിട്ടില്ല. പരമാവധി ജനങ്ങളെ കണ്ടു. അതിന്‍റെ ഗുണം കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പിന്നാലെ ഫേസ്ബുക്ക് കുറിപ്പും അദ്ദേഹം പങ്കുവച്ചു.

ഫേസ്ബുക്ക് കുറിപ്പ്;-

പെരുമാറ്റ ചട്ടങ്ങൾ നിലവിലിരിക്കെ മാധ്യമങ്ങളിൽ പ്രചാരണ സ്വഭാവമുള്ള കാര്യങ്ങളോ ; മറ്റ് സ്ഥാനാർഥികളെ കുറിച്ചുള്ള പരാമർശങ്ങളോ തെറ്റാണ് എന്നാണ് എന്റെ അറിവ്.

തിരഞ്ഞെടുപ്പ് പ്രക്രിയയെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയുന്ന ആളാണ് ഞാൻ.
എന്റെ മൂല്യബോധങ്ങളും മര്യാദകളും ബലഹീനതകൾ അല്ല.മറിച്ച് അവയെ മുറുകെ പിടിക്കുന്നതാണ് ശക്തി. പൗരവകാശങ്ങൾക്കും ജനാധിപത്യത്തിനും
വിലയിടുന്നവരോട് സന്ധിയില്ലാതെ സമരം ചെയ്യും.
വ്യക്തിയധിക്ഷേപങ്ങൾക്കും നുണപ്രചാരണങ്ങൾക്കും എന്റെ മൗനം മറുപടിയാകുന്നത് ജനങ്ങളെ ഞാൻ അത്രക്കണ്ട് വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയുന്നത് കൊണ്ടാണ്.
ജനങ്ങൾ…ജനങ്ങൾ…ജനങ്ങൾ…ജനങ്ങളാണ് ജനാധിപത്യത്തിന്റെ കാവൽക്കാർ