;

സെപ്റ്റംബർ 11 മാതൃകയിൽ ആക്രമണത്തിന് പദ്ധതിയിട്ടെന്ന് റിപ്പോർട്ട്; ഫ്ലൈ ദുബായ് കോ-പൈലറ്റിനെതിരെ ഗുരുതര ആരോപണം

സെപ്റ്റംബർ 11 മാതൃകയിൽ ആക്രമണത്തിന് പദ്ധതിയിട്ടെന്ന് റിപ്പോർട്ട്; ഫ്ലൈ ദുബായ് കോ-പൈലറ്റിനെതിരെ ഗുരുതര ആരോപണം

ദുബായ്: ഫ്ലൈ ദുബായ് വിമാനത്തിന്റെ കോ-പൈലറ്റ് ഹമ്മാം അൽ-ഹമ്മാമി സെപ്റ്റംബർ 11 മാതൃകയിലുള്ള ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. കോക്പിറ്റിൽ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിച്ച ശേഷം വിമാനം റാഞ്ചി ടെൽ അവീവിലെ കെട്ടിടത്തിലേക്ക് ഇടിച്ചിറക്കാനായിരുന്നു പദ്ധതിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.

ഒമാൻ പൗരനായ അൽ-ഹമ്മാമി ഒറ്റയ്ക്കാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് ഇസ്രയേലിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് സി.ബി.എസ്. ന്യൂസ് റിപ്പോർട്ട് ചെയ്തു. ക്യാപ്റ്റനെ കൊലപ്പെടുത്തിയ ശേഷം വിമാനത്തിന്റെ എൻജിനുകൾ ഓഫാക്കി ടെൽ അവീവിലെ കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചിറക്കാനായിരുന്നു പദ്ധതിയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ക്യാപ്റ്റനെ ആക്രമിച്ചശേഷം വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സാധാരണ രീതിയിൽ യാത്ര തുടരാനായിരുന്നു ആദ്യം ഉദ്ദേശിച്ചതെന്നാണ് ചോദ്യംചെയ്യലിൽ അൽ-ഹമ്മാമി വെളിപ്പെടുത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ ലാൻഡിങ്ങിന് അനുമതി നേടിയ ശേഷം അവിടെയുള്ള കെട്ടിടത്തിലേക്കോ മറ്റൊരു വിമാനത്തിലേക്കോ വിമാനം ഇടിച്ചിറക്കാനായിരുന്നു പദ്ധതിയെന്നാണ് ഇസ്രയേലി മാധ്യമങ്ങളുടെ റിപ്പോർട്ട്.

ജോർദാനു മുകളിലൂടെ വിമാനം പറക്കുന്ന സമയത്ത് നിയന്ത്രണം പിടിച്ചെടുക്കാനാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. സംശയം ഒഴിവാക്കാനും ആക്രമണത്തിന് ആവശ്യമായ സമയം ലഭിക്കാനുമാണ് ഈ സമയം തെരഞ്ഞെടുത്തതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ജൂലൈയിലും അൽ-ഹമ്മാമി സമാനമായ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നെങ്കിലും അവസാന നിമിഷം അത് ഉപേക്ഷിച്ചിരുന്നുവെന്നും ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒപ്പമുണ്ടായിരുന്ന ഒരു ജീവനക്കാരനുമായുള്ള സൗഹൃദമാണ് അന്ന് പദ്ധതി ഉപേക്ഷിക്കാൻ കാരണമായതെന്നാണ് റിപ്പോർട്ട്.

ഫ്ലൈ ദുബായിൽ ജോലി ചെയ്തിരുന്ന കാലയളവിൽ കഴിഞ്ഞ ഏതാനും മാസങ്ങളിലായി അൽ-ഹമ്മാമി നിരവധി തവണ ബെൻ ഗുരിയോൺ വിമാനത്താവളം സന്ദർശിച്ചിരുന്നതായും ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂണിലെ സന്ദർശനത്തിനിടെ വിമാനത്താവളത്തെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുകയും ആക്രമണത്തിനുള്ള ആസൂത്രണം നടത്തുകയും ചെയ്തതായാണ് പുറത്തുവരുന്ന വിവരം.

;