;

യൂസഫലിയെയേയും കുടുംബത്തേയും വേട്ടയാടിയതിന് പിന്നാലെ ക്ഷമാപണം; മറുനാടന്റെ വ്യാജ വാർത്ത പൊളിച്ചടുക്കി നിയമ സംവിധാനം

യൂസഫലിയെയേയും കുടുംബത്തേയും വേട്ടയാടിയതിന് പിന്നാലെ ക്ഷമാപണം; മറുനാടന്റെ വ്യാജ വാർത്ത പൊളിച്ചടുക്കി നിയമ സംവിധാനം

ഒരു വ്യക്തിക്കെതിരെ ആരോപണം ഉന്നയിക്കാൻ സങ്കുചിത ചിന്താ​ഗതിക്കാരായ യൂട്യൂബർമാർക്ക് വലിയ ഉത്സാഹമാണ്. എന്നാൽ ആരോപണം തെറ്റാണെന്ന് തിരിച്ചറിഞ്ഞ് അത് തിരുത്താൻ എത്ര സമയമെടുക്കും? എം.എ. യൂസഫലിയെയും ഫഹാസ് അഷ്റഫിനെയും കുറിച്ചുള്ള വിവാദ പരാമർശങ്ങൾ പിൻവലിച്ച് മറുനാടൻ മലയാളി യൂട്യൂബ് ഉടമ ഖേദം പ്രകടിപ്പിച്ച സംഭവം ഉയർത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഇതാണ്. വർഷങ്ങൾക്കുശേഷം ഒരു വിശദീകരണം നൽകിയാൽ എം.എ യൂസഫലിക്കും അദ്ദേഹത്തിന്റെ സ്ഥാപനത്തിനുമുണ്ടായ മാനഹാനിക്ക് പരിഹാരമാകുമോ? ഇത്തരം അധമമാധ്യമപ്രവർത്തനത്തിന് എന്നാണ് കൂച്ചുവിലങ്ങിടുക.

എം.എ. യൂസഫലിയെയും ഫഹാസ് അഷ്റഫിനെയും കുറിച്ചുള്ള പരാമർശങ്ങൾ ടി.പി. നന്ദകുമാർ പിൻവലിച്ചതായി മറുനാടൻ മലയാളി അറിയിക്കുമ്പോൾ ഉയരുന്ന പ്രധാന ചോദ്യം ഇതാണ്. ഒരു തെളിവുമില്ലാതെ ഒരു യൂട്യൂബ് വഴി നടത്തിയ കുപ്രചരണത്തിന് പിന്നാലെ വർഷങ്ങൾക്ക് ശേഷം ക്ഷമാപണം നടത്തുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്. അത്തരം ഖേദ പ്രകടനങ്ങൾക്ക് പൊതുമധ്യത്തിൽ എന്ത് സ്വീകാര്യതയാണുള്ളതെന്നും സമൂഹം തിരിച്ചറിയണം. പിന്നിൽ എന്തെങ്കിലും ​ഗൂഡാലോചന നടന്നിട്ടുണ്ടോ? അത് അന്വേഷണത്തിലും വരണം.

2020 നവംബർ 21ന് പ്രസിദ്ധീകരിച്ച ഒരു വീഡിയോയെച്ചൊല്ലിയുള്ള വിവാദത്തിലാണ് ഇപ്പോൾ തിരുത്തൽ ഉണ്ടായിരിക്കുന്നത്. വർഷങ്ങൾക്കു ശേഷം വിവാദ വാർത്തകളിൽ നിറയുന്ന യൂട്യൂബർ ഷാജൻ സ്കറിയ തന്നെ വിശദീകരണ വീഡിയോയിലൂടെ പരാമർശങ്ങൾ പിൻവലിച്ച് രം​ഗത്തെത്തുകയാണ്. അഞ്ച് വർഷം ഒരു വ്യവസായിയേയും അദ്ദേഹത്തിന്റെ കുടുംബത്തേയും വേട്ടയാടിയ മറുനാടന്റെ വേട്ടയാടലിന് എന്നാണ് അവസാനം കാണുക.

സമൂഹത്തിലേക്ക് ദുഷിച്ച വാർത്തകൾ കടത്തിവിടുക മാത്രമല്ല അവയെ ജനങ്ങളിലേക്ക് നിരന്തരം അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന അധമ മാധ്യമപ്രവർത്തനമാണ് മറുനാടനും കർമ്മയും ക്രൈമും പോലെയുള്ള യൂട്യൂബർമാർ ചെയ്തത്. എം.എ യൂസഫലയുടെ പ്രശസ്തിയും അദ്ദേഹത്തിന്റെ പേര് യൂട്യൂബ് വീഡിയോയിലുടെ വലിച്ചിഴച്ച് അത് വഴി യൂട്യൂബിന്റെ കാഴ്ചക്കാരുടെ എണ്ണവും അതുവഴിയുണ്ടാക്കിയ സാമ്പത്തിക ലാഭവും കണക്കാക്കി തന്നെയാണ് വ്യാജ വാർത്തകൾ പടച്ചുവിട്ടത്. യൂട്യൂബിൽ വരിക്കാരെ സമ്പാദിക്കാനും ധനസമാഹരണത്തിനും ഒരു വ്യക്തിയേയും സ്ഥാപനത്തേയും വലിച്ചിഴക്കുന്നത് ഇവിടുത്തെ നിയമ വ്യവസ്ഥയോട് തന്നെയുള്ള വെല്ലുവിളിയാണ്.

ഇത്തരം യൂട്യൂബർമാരെ സമൂഹം പുറം കാലുകൊണ്ട് ചവിട്ടി തിരസ്കരിക്കേണ്ട സമയം അതിക്രമിച്ചെന്നു തന്നെ പറയേണ്ടി വരും. ഇവിടെ ശ്രദ്ധേയമായത് എം.എ യൂസഫലിയും അദ്ദേഹത്തിന്റെ നിയമ വിഭാ​ഗവും നടത്തിയ വർഷങ്ങളുടെ പോരാട്ടമാണ്. യൂസഫലി നൽകിയ അപകീർത്തിക്കേസിൽ എറണാകുളം സബ് കോടതിയുടെ 2021 മാർച്ച് 30ലെ ഇടക്കാല ഉത്തരവിനെത്തുടർന്ന് വീഡിയോ നീക്കം ചെയ്തതായാണ് മറുനാടൻ പറയുന്നത്. . പ്രസ്തുത ഉള്ളടക്കം മറുനാടന്റെ വിവിധ പ്ലാറ്റ് ഫോമുകളിൽ വർഷങ്ങളോളം ലഭ്യമായിരുന്നുവെന്ന ആക്ഷേപത്തിനും വ്യക്തമായ മറുപടി ആവശ്യമാണ്. അതേ പരാമർശങ്ങൾ ഉൾപ്പെട്ട മറ്റു പതിപ്പുകൾക്കും എന്ത് സംഭവിച്ചു? അവ കണ്ട പ്രേക്ഷകരിലേക്ക് തിരുത്തൽ എത്തിക്കാൻ എന്ത് നടപടിയാണ് ഈ യൂട്യൂബർ സ്വീകരിച്ചത്?

കേരളത്തെ പിടിച്ചു കുലുക്കിയ സ്വർണക്കടത്ത് കേസിലേക്ക് എം.എ യൂസഫലിയേയും അദ്ദേഹത്തിന്റെ കുടുംബത്തേയും വലിച്ചിഴച്ച സങ്കുചിത താത്പര്യങ്ങളുടെ ലക്ഷ്യമെന്താണ്. വൈകിയെത്തിയ ക്ഷമാപണം ഇവിടെ തിരസ്കരിക്കുകയും പിന്നിലുള്ള ​ഗൂഡാലോചന കണ്ടെത്തണമെന്നതുമാണ് പൊതുസമൂഹം ഉയർത്തേണ്ട ചോദ്യം.

ബോധപൂർവം ഒരു വ്യവസായിയെ പ്രതിപ്പട്ടികയിൽ നിർത്തി കള്ളക്കടത്തിന്റെ സൂത്രധാരനെന്ന് വ്യാജ വാർത്തകൾ പടച്ചുവിടുകയും ചെയ്യുമ്പോൾ മറുനാടൻ എന്ന യൂട്യൂബറിന് എന്ത് നൈതികതയാണുള്ളത്. ഇത്തരം വാർത്തകളുമായി പൊതു സമൂഹത്തിലെത്തുമ്പോൾ എന്ത് ക്രൈഡിബിളിറ്റിയാണ് ജനം നൽകേണ്ടതെന്നതും ശ്രദ്ധേയമാണ്.

;