മോണ്ടെറെയിലെ ഡച്ച് വധം; നെതർലൻഡ്സിനെ പെനാൽറ്റിയിൽ വീഴ്ത്തി മൊറോക്കോ വീണ്ടും ചരിത്രത്തിലേക്ക്!

മോണ്ടെറെയിലെ ഡച്ച് വധം; നെതർലൻഡ്സിനെ പെനാൽറ്റിയിൽ വീഴ്ത്തി മൊറോക്കോ വീണ്ടും ചരിത്രത്തിലേക്ക്!

മോണ്ടെറെ, മെക്സിക്കോ:ഫുട്ബോൾ അതിന്റെ എല്ലാ നാടകീയതയും ആവേശവും ഒത്തുചേർത്ത ഒരു ക്ലാസിക് പോരാട്ടത്തിനായിരുന്നു മെക്സിക്കോയിലെ മോണ്ടെറെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ലോകകപ്പ് റൗണ്ട് ഓഫ് 32 മത്സരത്തിൽ, അവസാന സെക്കൻഡ് വരെ നെഞ്ചിടിപ്പോടെ മാത്രം കണ്ടുതീർക്കാമായിരുന്ന ത്രില്ലറിൽ, മുൻ ചാമ്പ്യന്മാരായ നെതർലൻഡ്സിനെ ഷൂട്ടൗട്ടിൽ (3-2) അട്ടിമറിച്ച് മൊറോക്കോ പ്രീ-ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തിരിക്കുന്നു.

പ്രതിരോധത്തിന്റെ കോട്ടകെട്ടിയും കൗണ്ടർ അറ്റാക്കുകളിലൂടെ വിറപ്പിച്ചും മൊറോക്കൻ സിംഹങ്ങൾ ഒരിക്കൽക്കൂടി ലോക ഫുട്ബോളിന്റെ നെറുകയിലേക്ക് ഗർജിച്ചെത്തിയ രാത്രിയായിരുന്നു അത്!

കാറ്റും കാർമേഘവും നിറഞ്ഞ ആദ്യ പകുതി

മത്സരത്തിന്റെ തുടക്കം മുതൽ ഇരു ടീമുകളും വ്യക്തമായ തന്ത്രങ്ങളോടെയാണ് കളത്തിലിറങ്ങിയത്. ടോട്ടൽ ഫുട്ബോളിന്റെ ആധുനിക പതിപ്പുമായി ഡച്ച് പട മൈതാനം നിറഞ്ഞുകളിച്ചപ്പോൾ, അച്ചടക്കമുള്ള പ്രതിരോധവും അതിവേഗ മുന്നേറ്റങ്ങളുമായി മൊറോക്കോ അവരെ തളച്ചു. ആദ്യ 45 മിനിറ്റിൽ ഇരുപക്ഷത്തും മുന്നേറ്റങ്ങളുണ്ടായെങ്കിലും ഗോൾവല കുലുക്കാൻ ആർക്കും കഴിഞ്ഞില്ല. ഗാലറിയിൽ വൻതോതിൽ തടിച്ചുകൂടിയ മൊറോക്കൻ ആരാധകരുടെ ആവേശം മാത്രമായിരുന്നു ആദ്യ പകുതിയിലെ ഏറ്റവും വലിയ പ്രത്യേകത.

ഗാക്പോയുടെ ഡച്ച് പ്രഹരവും ഇസ്സ ദിയോപിന്റെ മാന്ത്രികതയും
രണ്ടാം പകുതിയിൽ നെതർലൻഡ്സ് ആക്രമണത്തിന്റെ മൂർച്ച കൂട്ടി. ഒടുവിൽ 72-ാം മിനിറ്റിൽ അവരുടെ കാത്തിരിപ്പിന് ഫലമുണ്ടായി. സൂപ്പർ താരം കോഡി ഗാക്പോയിലൂടെ ഡച്ച് പട മത്സരത്തിലെ ആദ്യ ഗോൾ നേടി. അതോടെ സ്റ്റേഡിയത്തിലെ ഓറഞ്ച് ആരാധകർ വിജയം ഉറപ്പിച്ചു ആഘോഷം തുടങ്ങി. കളി 90 മിനിറ്റ് പിന്നിട്ട് ഇഞ്ചുറി ടൈമിലേക്ക് കടക്കുമ്പോഴും നെതർലൻഡ്സ് 1-0 ന് മുന്നിലായിരുന്നു.

മൊറോക്കോ തോൽവി സമ്മതിച്ചു കഴിഞ്ഞു എന്ന് കരുതിയ നിമിഷം… എന്നാൽ, ഫുട്ബോൾ ദൈവങ്ങൾ മൊറോക്കോയ്ക്കായി മറ്റൊരു തിരക്കഥയായിരുന്നു ഒരുക്കിവെച്ചത്. നെതർലൻഡ്സ് ബോക്സിനുള്ളിലേക്ക് വന്ന പന്ത് ഡച്ച് പ്രതിരോധത്തെ കാഴ്ചക്കാരാക്കി ഇസ്സ ദിയോപ് വലയ്ക്കുള്ളിലേക്ക് പായിച്ചു! സ്റ്റേഡിയം അക്ഷരാർത്ഥത്തിൽ അലകടലായി മാറി. സ്കോർ: 1-1. തോൽവിയുടെ വക്കിൽ നിന്നും മൊറോക്കോ ജീവൻ തിരിച്ചുപിടിച്ച നിമിഷം!

നെഞ്ചിടിപ്പിന്റെ ഷൂട്ടൗട്ട്; വീണ്ടും യാസിൻ ബൗണു!

തുടർന്ന് നടന്ന 30 മിനിറ്റ് നീണ്ട എക്സ്ട്രാ ടൈമിലും ഇരു ടീമുകളും കട്ടയ്ക്ക് കട്ട നിന്നതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. അവിടെയാണ് മൊറോക്കോയുടെ വിശ്വസ്തനായ ഗോൾകീപ്പർ യാസിൻ ബൗണു വീണ്ടും അവതാരമെടുത്തത്.

ഡച്ച് താരങ്ങളുടെ മൂന്ന് കിക്കുകളാണ് ബൗണുവിന്റെ അമാനുഷിക കൈകൾ തട്ടിയകറ്റിയത്! ഡച്ച് നിരയിൽ ടെൻ കൂപ്‌മൈനേഴ്സ്, വൗട്ട് വെഗ്ഹോർസ്റ്റ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ജസ്റ്റിൻ ക്ലൂയിവർട്ട്, ക്വിന്റൻ ടിംബർ, ക്രിസെൻസിയോ സമ്മർവില്ലെ എന്നിവരുടെ കിക്കുകൾ പാഴായി.മറുപശത്ത് മൊറോക്കോയ്ക്കായി സുഫിയാൻ റഹീമി, ഷെംസ്ദിൻ താൽബി, ഇസ്മായിൽ സൈബാരി എന്നിവർ ലക്ഷ്യം കണ്ടതോടെ 3-2 ന് മൊറോക്കോ ആവേശവിജയം സ്വന്തമാക്കി!

ലോകകപ്പിലെ തങ്ങളുടെ ജൈത്രയാത്ര വെറുമൊരു അദ്ഭുതമല്ലെന്ന് അടിവരയിട്ടുറപ്പിക്കുന്ന പ്രകടനത്തോടെ മൊറോക്കോ പ്രീ-ക്വാർട്ടറിലേക്ക് കടക്കുമ്പോൾ, തലതാഴ്ത്തി മടങ്ങാനായിരുന്നു ഡച്ച് പടയുടെ വിധി. ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആഫ്രിക്കൻ കരുത്ത് വീണ്ടും ലോകകപ്പിന്റെ വലിയ വേദിയിൽ ചരിത്രം കുറിക്കുകയാണ്!