;

നെടുമ്പാശ്ശേരി വാഹനാപകടം: പ്രതി സുഹൈൽ സജീവിന് ജാമ്യമില്ല

നെടുമ്പാശ്ശേരി വാഹനാപകടം: പ്രതി സുഹൈൽ സജീവിന് ജാമ്യമില്ല

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതി സുഹൈൽ സജീവിന് ജാമ്യമില്ല. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കേസിലെ രണ്ടും മൂന്നും നാലും പ്രതികൾക്ക് സുഹൈൽ മദ്യപിച്ചിരുന്നുവെന്ന് അറിയാമായിരുന്നിട്ടും വാഹനം ഓടിക്കുന്നതിൽനിന്ന് പിന്തിരിപ്പിച്ചില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.

സുഹൈൽ മദ്യപിച്ചിരുന്നതായി മൂത്രത്തിന്റെയും രക്തത്തിന്റെയും പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. വാഹനത്തിന്റെ ഇ.ഡി.ആർ (EDR) പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അപകടത്തിന്റെ ആഘാതം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധനയിലൂടെ വ്യക്തമാകുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

അപകടസമയത്ത് സുഹൈൽ അനുവദനീയമായ പരിധിയുടെ ഏകദേശം അഞ്ചിരട്ടി അളവിൽ മദ്യം കഴിച്ചിരുന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചു.

;