;

കാസർഗോഡ് യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സമീപത്ത് റൈഫിൾ, അപകടമെന്ന് പ്രാഥമിക നിഗമനം

കാസർഗോഡ് യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സമീപത്ത് റൈഫിൾ, അപകടമെന്ന് പ്രാഥമിക നിഗമനം

കാസർഗോഡ്: മുളിയാർ കാട്ടിപ്പള്ളത്ത് യുവാവിനെ ദുരൂഹസാഹചര്യത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിപ്പള്ളത്തെ മൊയ്തു–ജമീല ദമ്പതികളുടെ മകൻ ഹൈദർ അലി (28) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

കാട്ടിപ്പള്ളത്തെ ഗ്രൗണ്ടിൽ സ്കൂട്ടറിൽനിന്ന് വീണുകിടക്കുന്ന നിലയിലാണ് ഹൈദർ അലിയെ കണ്ടെത്തിയത്. സമീപത്ത് ഒരു റൈഫിളും ഉണ്ടായിരുന്നു. തലയ്ക്കാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ് കിടന്ന ഹൈദറിനെ സുഹൃത്ത് മുഹമ്മദ് റമീസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

തോക്കുമായി സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതശരീരം കാസർഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നേരത്തെ ദുബായിലായിരുന്ന ഹൈദർ അടുത്തിടെയാണ് നാട്ടിലെത്തിയത്. തുടർന്ന് ബോവിക്കാനത്ത് ടെക്സ്റ്റൈൽ ഷോപ്പ് ആരംഭിച്ചിരുന്നു.സഹോദരങ്ങൾ: ഷാഫി (ദുബായ്), ഖദീജ, നസീറ.

;