ലോകകപ്പ് 2026: മെസ്സിക്ക് ഹാട്രിക്; അൽജീരിയയെ തകർത്ത് അർജന്റീനയ്ക്ക് വിജയത്തുടക്കം

ലോകകപ്പ് 2026: മെസ്സിക്ക് ഹാട്രിക്; അൽജീരിയയെ തകർത്ത് അർജന്റീനയ്ക്ക് വിജയത്തുടക്കം

കാൻസസ് സിറ്റി: ലോകകപ്പിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് തകർപ്പൻ ജയം. ആവേശകരമായ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന അൽജീരിയയെ പരാജയപ്പെടുത്തിയത്. ലയണൽ മെസ്സിയുടെ തകർപ്പൻ ഹാട്രിക്കാണ് അർജന്റീനയ്ക്ക് വലിയ വിജയം സമ്മാനിച്ചത്. തന്റെ 200-ാം രാജ്യാന്തര മത്സരത്തിനിറങ്ങിയ മെസ്സി ചരിത്രപരമായ നേട്ടത്തോടെയാണ് കളം വിട്ടത്.

മത്സരത്തിന്റെ എട്ടാം മിനിറ്റിൽ അർജന്റീനയെ ഞെട്ടിച്ചുകൊണ്ട് അൽജീരിയ വല കുലുക്കിയിരുന്നു. ഫാരെസ് ഷൈബിയുടെ മനോഹരമായ ഫിനിഷിലൂടെ അൽജീരിയ മുന്നിലെത്തിയെന്ന് തോന്നിച്ചെങ്കിലും, VAR പരിശോധനയിൽ അത് ഓഫ്‌സൈഡ് ആണെന്ന് കണ്ടെത്തിയതോടെ ഗോൾ നിഷേധിക്കപ്പെട്ടു.

ഇത് അർജന്റീനയ്ക്ക് വലിയ ആശ്വാസമായി.മത്സരത്തിന്റെ 17-ാം മിനിറ്റിൽ റൊഡ്രിഗോ ഡി പോളിന്റെ അസിസ്റ്റിൽ നിന്ന് ബോക്സിന് പുറത്തുനിന്നുള്ള ഒരു തകർപ്പൻ ഷോട്ടിലൂടെ മെസ്സി അർജന്റീനയുടെ ആദ്യ ഗോൾ നേടി. ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡിൽ കിലിയൻ എംബാപ്പെ, ഗെർഡ് മുള്ളർ എന്നിവരെ മെസ്സി മറികടന്നു. ഒന്നാം പകുതിയിൽ അർജന്റീന 1-0 ന്
രണ്ടാം പകുതിയിലും അർജന്റീന കളിയിൽ പൂർണ്ണ ആധിപത്യം പുലർത്തി. 60-ാം മിനിറ്റിൽ മാക് അലിസ്റ്ററിന്റെ ഷോട്ട് അൽജീരിയൻ ഗോൾകീപ്പർ ലൂക്കാ സിദാൻ തടുത്തുവെങ്കിലും റീബൗണ്ടിൽ നിന്ന് മെസ്സി തന്റെ രണ്ടാം ഗോൾ നേടി സ്കോർ 2-0 ആക്കി.

തുടർന്ന് 76-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ നിക്കോളാസ് ഗോൺസാലസിന്റെ പാസിൽ നിന്ന് ബോക്സിന്റെ മധ്യത്തിൽ നിന്നും ഇടതു കാൽ ഷോട്ടിലൂടെ മെസ്സി തന്റെ ഹാട്രിക് തികച്ചു. ലോകകപ്പ് ചരിത്രത്തിൽ മെസ്സിയുടെ ആദ്യ ഹാട്രിക്കാണിത്. ഇതോടെ ലോകകപ്പിൽ 16 ഗോളുകളുമായി ഏറ്റവും കൂടുതൽ ഗോൾ നേടിയ മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡിനൊപ്പം മെസ്സി എത്തി.

ഹാട്രിക്കിന് ശേഷം 79-ാം മിനിറ്റിൽ മെസ്സിയെ പിൻവലിച്ച് കോച്ച് ലയണൽ സ്കലോണി യുവതാരം നിക്കോ പാസിനെ കളത്തിലിറക്കി. മെസ്സി മൈതാനം വിടുമ്പോൾ സ്റ്റേഡിയത്തിലെ കാണികൾ എഴുന്നേറ്റു നിന്ന് കൈയടിച്ചാണ് ആദരവ് പ്രകടിപ്പിച്ചത്. പ്രതിരോധത്തിൽ ക്രിസ്റ്റ്യൻ റൊമേറോയും ലിസാൻഡ്രോ മാർട്ടീനസും മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ അൽജീരിയൻ മുന്നേറ്റങ്ങൾക്ക് അർജന്റീനൻ ഗോൾവല ചലിപ്പിക്കാനായില്ല. ഗംഭീര വിജയത്തോടെ അർജന്റീന ടൂർണമെന്റിൽ തങ്ങളുടെ കിരീട പ്രതിരോധം ആരംഭിച്ചു കഴിഞ്ഞു.