breaking-news

ലോകോത്തര നിലവാരത്തിലുള്ള ഐ.ടി. ടൗൺഷിപ്പ് കൊച്ചിയിൽ യാഥാർത്ഥ്യമാകും; 33.5 ഏക്കർ ഭൂമിയിൽ വൻ പ്രോജക്ട്; കുറിപ്പുമായി മുഖ്യമന്ത്രി

കൊച്ചി: ഇൻഫോപാർക്കിന്റെ നാലാം ഘട്ട വികസനത്തിനായി ഇരുമ്പനത്തുള്ള ട്രാക്കോ കേബിൾ കമ്പനിയുടെ 33.5 ഏക്കർ ഭൂമി 200 കോടി രൂപയ്ക്ക് ഇൻഫോപാർക്കിന് കൈമാറാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിലവിലെ ഇൻഫോപാർക്ക് കാമ്പസിനോടു ചേർന്നുള്ള സ്ഥലത്തിന് കാക്കനാട് വാട്ടർ മെട്രോ, കൊച്ചി മെട്രോ, സീ പോർട്ട്‌-എയർപോർട്ട് നാലുവരിപ്പാത തുടങ്ങിയ നിലവിലുള്ള ഐ.ടി. അടിസ്ഥാന സൗകര്യങ്ങളുടെയെല്ലാം ആനുകൂല്യം ലഭ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

. അത്യാധുനിക ഐ.ടി. സമുച്ചയങ്ങൾ, ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ, വാണിജ്യ സമുച്ചയങ്ങൾ എന്നിവ ഉൾപ്പെടുന്ന മിശ്രിത ടൗൺഷിപ്പ് മാതൃകയിലാണ് ഇവിടെ വികസനം പ്രവർത്തനങ്ങൾ നടപ്പിലാക്കുക. ലോകോത്തര നിലവാരത്തിലുള്ള ഐ.ടി. ടൗൺഷിപ്പ് കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമെന്ന നിലയിൽ കൊച്ചിയുടെ സ്ഥാനം കൂടുതൽ ശക്തമാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം കുറിച്ചു.

ഇൻഫോപാർക്കിന്റെ ഈ നാലാം ഘട്ട വികസനത്തിലൂടെ കേരളത്തിന്റെ ഐ.ടി. മേഖലയിൽ വലിയ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്. 50 ലക്ഷം ചതുരശ്ര അടി പുതിയ ഐ.ടി. ഇടം കൂട്ടിച്ചേർക്കാനും 50,000 നേരിട്ടുള്ള ഐ.ടി. തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അതോടൊപ്പം 3000 കോടി രൂപയുടെ നേരിട്ടുള്ള നിക്ഷേപം ആകർഷിക്കാനും ഇതുവഴി സാധിക്കുമെന്നാണ് കണക്കാക്കുന്നത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഹബ്ബ്, ഗ്ലോബൽ കാപ്പബിലിറ്റി സെന്ററുകൾ, അടുത്ത തലമുറ ഐ.ടി. കാമ്പസുകൾ എന്നിവയുടെ കേന്ദ്രമായി കൊച്ചിയെ മാറ്റാനുള്ള സംസ്‌ഥാന സർക്കാർ ശ്രമങ്ങളുടെ തുടർച്ചയായാണ് ഈ തീരുമാനം. നവീകരണം, സാങ്കേതികവിദ്യ, ഡിജിറ്റൽ സംരംഭകത്വം എന്നിവയുടെ മുൻനിര കേന്ദ്രമായി കേരളത്തെ മാറ്റാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ് എൽഡിഎഫ് സർക്കാരെന്നും അദ്ദേഹം കുറിച്ചു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video