കുഞ്ഞിനെ വേണ്ടെന്ന് യുവതി; ഹരിപ്പാട് താലൂക്കാശുപത്രിയിൽ അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുക്കും

കുഞ്ഞിനെ വേണ്ടെന്ന് യുവതി; ഹരിപ്പാട് താലൂക്കാശുപത്രിയിൽ അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുക്കും

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രസവിച്ചയുടന്‍ കുഞ്ഞിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ സംഭവത്തില്‍ യുവതിയുടെ മൊഴി പുറത്ത്. കുഞ്ഞിനെ വേണ്ടെന്ന് യുവതി ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ (സിഡബ്ല്യുസി) അറിയിച്ചു.

ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നുവെന്നും വയറ്റില്‍ കൊഴുപ്പ് അടിഞ്ഞതാണെന്നാണ് കരുതിയതെന്നും യുവതി പറഞ്ഞു. എറണാകുളത്ത് പഠനത്തിനൊപ്പം ജോലി ചെയ്യുകയായിരുന്നു യുവതി. അവിടെവച്ച് പരിചയപ്പെട്ട ഇതര സംസ്ഥാനക്കാരനായ യുവാവുമായി അടുപ്പമുണ്ടായിരുന്നു. എന്നാല്‍ താന്‍ ഗര്‍ഭിണിയായതും പ്രസവിച്ചതുമൊന്നും അയാള്‍ അറിഞ്ഞിട്ടുണ്ടാകില്ല എന്നാണ് യുവതി പറയുന്നത്.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുളള യുവതിയെ അധികൃതര്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം യുവതി പറഞ്ഞത്. വയറ്റിലെ അസുഖത്തിന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് മരുന്ന് വാങ്ങിയിട്ടുണ്ടെന്നും അത് കഴിക്കാനാണ് വീട്ടില്‍ നില്‍ക്കുന്നതെന്നുമാണ് യുവതി ബന്ധുക്കളോട് പറഞ്ഞിരുന്നത്.