തൃശൂർ: വാൽപ്പാറയിൽ മൃതദേഹവുമായി മടങ്ങിയ ആംബുലൻസിന് നേരെ കാട്ടാനയുടെ ആക്രമണം. ഞായറാഴ്ച രാത്രിയിലാണ് സംഭവം. കാലടി ഫാർമേഴ്സ് സഹകരണ ബാങ്കിന്റെ ആംബുലൻസിന് നേരെയാണ് കാട്ടാന ആക്രമണമുണ്ടായത്.
ആംബുലൻസിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത്. ആക്രമണത്തിൽ ആംബുലൻസിന്റെ കണ്ണാടി തകർന്നു. ഞായറാഴ്ച ഉച്ചയോടെയാണ് അങ്കമാലിയിൽനിന്ന് മൃതദേഹവുമായി ആംബുലൻസ് വാൽപ്പാറയിലേക്ക് പുറപ്പെട്ടത്.
വാൽപ്പാറയിലെത്തി മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയ ശേഷം മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. വാൽപ്പാറ ചെക്ക്പോസ്റ്റ് പിന്നിട്ടതിന് പിന്നാലെ ആംബുലൻസിന് മുന്നിൽ കാട്ടാനയെ കാണുകയായിരുന്നു.
ആർആർടി സംഘം സ്ഥലത്തെത്തി കാട്ടാനയെ മാറ്റിയതിന് പിന്നാലെ മറ്റൊരു ആന ആംബുലൻസിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ആക്രമണത്തിൽ ആംബുലൻസിന്റെ കണ്ണാടി തകർന്നെങ്കിലും യാത്രക്കാരുടെ പരിക്ക് സംബന്ധിച്ച് വിവരമില്ല.