കേരളത്തിൽ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കേരളത്തിൽ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് ജാഗ്രത.

തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ടും നിലവിലുണ്ട്. അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ ഭരണകൂടങ്ങൾ അവധി പ്രഖ്യാപിച്ചു.

അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിനുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നാളെ രാത്രി വരെ ഈ ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.