യു.എസ്-ഇറാൻ സംഘർഷം രൂക്ഷം; ജോർഡനിലെ ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു, ദർഖോവിൻ ആണവനിലയം ലക്ഷ്യമിട്ട് വ്യോമാക്രമണമെന്ന് ഇറാൻ

യു.എസ്-ഇറാൻ സംഘർഷം രൂക്ഷം; ജോർഡനിലെ ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു, ദർഖോവിൻ ആണവനിലയം ലക്ഷ്യമിട്ട് വ്യോമാക്രമണമെന്ന് ഇറാൻ

തെഹ്റാൻ/ദുബൈ: പശ്ചിമേഷ്യയിൽ യു.എസ്-ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണത്തിൽ ജോർഡനിൽ രണ്ട് യു.എസ് സൈനികർ കൊല്ലപ്പെട്ടതായും ഒരാളെ കാണാതായതായും യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇതോടെ നിലവിലെ സംഘർഷത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം 16 ആയി ഉയർന്നു. 430-ലധികം സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

അതേസമയം, ഇറാന്റെ തെക്കുപടിഞ്ഞാറൻ മേഖലയിലെ നിർമാണത്തിലിരിക്കുന്ന തന്ത്രപ്രധാന ദർഖോവിൻ ആണവനിലയം അമേരിക്കൻ വ്യോമസേന ആക്രമിച്ചതായി ഇറാൻ ആണവോർജ ഏജൻസി ആരോപിച്ചു.

സംഭവത്തിൽ പ്രതികരിച്ച യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, സൈനികരുടെ മരണം അതീവ ദുഃഖകരമാണെന്ന് പറഞ്ഞു. ഇറാൻ ഒരു സാഹചര്യത്തിലും ആണവായുധം സ്വന്തമാക്കാൻ അനുവദിക്കില്ലെന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു.

ഇതിനിടെ, ഇറാൻ റവല്യൂഷനറി ഗാർഡിന്റെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക വ്യോമാക്രമണം നടത്തിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകുമെന്ന ആശങ്ക ശക്തമാണ്.