ചെന്നൈ: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ ഇന്ത്യയിൽ ആദ്യമായി ഡ്രോൺ പട്രോളിങ് സംവിധാനം ഏർപ്പെടുത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രഖ്യാപിച്ചു. ചെന്നൈ എഗ്‌മൂറിലെ രാജരത്തിനം സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ, പുതിയ തമിഴക വെട്രി കഴകം സർക്കാർ വിഭാവനം ചെയ്ത സ്ത്രീസുരക്ഷാ സേനയായ ‘സിങ്കപ്പെൺ ടാസ്ക് ഫോഴ്സിന്റെ’ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്ന കുറ്റവാളികൾക്കെതിരെ കർശനമായ നടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
പദ്ധതിക്കായി ആദ്യഘട്ടത്തിൽ 354 കോടി രൂപയാണ് തമിഴ്നാട് സർക്കാർ നീക്കിവച്ചിരിക്കുന്നത്.ആധുനിക സാങ്കേതികവിദ്യ: ഡ്രോൺ പട്രോളിങ്ങിലൂടെ പൊതുസ്ഥലങ്ങളും ഐടി കോറിഡോറുകളും തത്സമയം നിരീക്ഷിക്കാനും അടിയന്തര ഘട്ടങ്ങളിൽ അതിവേഗം ഇടപെടാനും സാധിക്കും.സേനയുടെ വിപുലീകരണം: അടുത്ത ഘട്ടത്തിൽ സിങ്കപ്പെൺ ടാസ്ക് ഫോഴ്സിലേക്ക് 2500 പേരെക്കൂടി പുതുതായി നിയമിക്കും.
ചെന്നൈ നഗരത്തിലെ ഫ്ലവർ ബസാർ, ടി നഗർ, അടയാർ, മൈലാപ്പൂർ, അണ്ണാ നഗർ ഉൾപ്പെടെയുള്ള 12 പ്രധാന സ്റ്റേഷൻ പരിധികളിൽ ഈ പ്രത്യേക സുരക്ഷാ സേനയുടെ പട്രോളിങ് ഉടനടി ആരംഭിച്ചു. ബന്ധപ്പെട്ട പ്രദേശങ്ങളിലെ അസിസ്റ്റന്റ് കമ്മീഷണർമാർക്കായിരിക്കും സേനയുടെ മേൽനോട്ട ചുമതല.ലഹരി മാഫിയയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിസ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും സംസ്ഥാനത്തെ മയക്കുമരുന്ന് ശൃംഖലകളും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കുറ്റകൃത്യങ്ങളുടെ വേരറുക്കാൻ ലഹരി മാഫിയയെ തമിഴ്നാട്ടിൽ നിന്ന് പൂർണ്ണമായി തുടച്ചുനീക്കുമെന്നും, സ്ത്രീ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്ത ‘സീറോ ടോളറൻസ്’ നയമായിരിക്കും തന്റെ സർക്കാരിന്റേതെന്നും സി. ജോസഫ് വിജയ് വ്യക്തമാക്കി. സ്ത്രീകൾക്ക് ഭയമില്ലാതെയും ആത്മാഭിമാനത്തോടെയും ജീവിക്കാനുള്ള അന്തരീക്ഷം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചടങ്ങിൽ വച്ച് ടാസ്ക് ഫോഴ്സ് മേധാവി കെ. ഭവാനീശ്വരിക്ക് ‘സിങ്കപ്പെൺ’ ലോഗോ കൈമാറി മുഖ്യമന്ത്രി പ്രകാശനം ചെയ്യുകയും, സുരക്ഷാ സേനയ്ക്കായുള്ള പുതിയ പട്രോൾ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവ്വഹിക്കുകയും ചെയ്തു. തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം സി. ജോസഫ് വിജയ് ഒപ്പുവെച്ച ആദ്യത്തെ മൂന്ന് പ്രധാന ഉത്തരവുകളിൽ ഒന്നായിരുന്നു ഈ സ്ത്രീസുരക്ഷാ പദ്ധതി.