സംസ്ഥാനത്ത് കനത്ത മഴ; ഉരുൾപൊട്ടലിൽ നാല് മരണം, ഒമ്പത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് കനത്ത മഴ; ഉരുൾപൊട്ടലിൽ നാല് മരണം, ഒമ്പത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തൊടുപുഴ: സംസ്ഥാനത്ത് മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്നതിനിടെ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ വിവിധയിടങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തു. മഴക്കെടുതിയിൽ ഇതുവരെ നാല് പേർ മരിച്ചു.

ഇടുക്കി കുടയത്തൂർ അടൂർമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മഷിക്കല്ലേർ രവി നാരായണന്റെ ഭാര്യ സുമതി മരിച്ചു. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് വീട് പൂർണമായും തകർന്നു. പരിക്കേറ്റ മകൻ രതീഷിനെ നാട്ടുകാർ രക്ഷപ്പെടുത്തി. പ്രദേശത്തെ നിരവധി വീടുകളിലും വെള്ളം കയറി.

വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ സംഭവത്തിൽ വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) മരിച്ചു. കോട്ടയം പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് വീട് തകർന്നുവീണ് റെജീന ജോണിയും മകൻ ജോസഫിൻ ജോണിയും (24) മരിച്ചു.

കനത്ത മഴയെ തുടർന്ന് പമ്പ, മണിമല, മീനച്ചിൽ നദികൾ കരകവിഞ്ഞൊഴുകുകയാണ്. പത്തനംതിട്ട റാന്നി ടൗണിലും സമീപപ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. റാന്നി, മണിമല, ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലെ പ്രധാന റോഡുകൾ വെള്ളത്തിനടിയിലായി. വണ്ടിപ്പെരിയാർ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിലും റോഡുകളിൽ വെള്ളം കയറിയിട്ടുണ്ട്. കൊട്ടാരക്കര–ദിണ്ടുഗൽ ദേശീയപാതയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.

അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും മണ്ണിടിച്ചിലും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ റവന്യൂ മന്ത്രിയും ചീഫ് സെക്രട്ടറിയും എല്ലാ ജില്ലകളിലെയും കലക്ടർമാരുമായി സ്ഥിതിഗതികൾ വിലയിരുത്തി. ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനവും ജാഗ്രതാ നടപടികളും ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.