breaking-news Kerala

കഡാവർ നായകളെ എത്തിച്ച് പരിശോധന തുടരും; പൂരം നടത്തിപ്പ് ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് സുരേഷ് ​ഗോപി

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ശാലയിൽ സ്‌ഫോടനമുണ്ടായ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സ്‌ഫോടനം നടന്ന സ്ഥലത്ത് നിലവിൽ ഫോറൻസിക് ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിവരികയാണ്. കൂടുതൽ വ്യക്തതയ്ക്കായി കൂടുതൽ കഡാവർ നായകളെ എത്തിച്ച് പരിശോധന തുടരുമെന്നും സുരേഷ് ഗോപി അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പ്രധാനമായും ഫോറൻസിക് പരിശോധനകൾക്കാണ് മുൻഗണന നൽകുന്നത്. അവിടെനിന്നും ആവശ്യമായ സാമ്പിളുകൾ ശേഖരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്‌ഫോടനം നടന്ന സ്ഥലത്ത് ഇനിയും പൊട്ടാത്ത സ്‌ഫോടകവസ്തുക്കൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അത്തരം വസ്തുക്കൾ സുരക്ഷിതമാക്കിയിട്ടുണ്ടെങ്കിലും അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കാനുള്ള സാധ്യത മുൻനിർത്തി അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

നിലവിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ, മറ്റു നടപടികളുമായി മുന്നോട്ട് പോകുന്നതിന് ഹൈക്കോടതിയിൽനിന്ന് അനുമതി തേടേണ്ടതുണ്ട്. അനുമതി വാങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ചതായാണ് മനസ്സിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ കൂടുതൽ പ്രതികരണങ്ങൾ ഉണ്ടാവുകയുള്ളൂ. കൂടാതെ, ദേവസ്വം മന്ത്രി സ്ഥലം സന്ദർശിക്കുമെന്നും അദ്ദേഹം വന്നതിനുശേഷം ബാക്കി കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കളക്ടർ, കമ്മീഷണർ, ദേവസ്വങ്ങൾ എന്നിവരുമായി ചർച്ചകൾ നടത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു. ദേവസ്വം മന്ത്രി വാസവൻ കൂടി എത്തിയതിനുശേഷം, ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സാന്നിധ്യത്തിലായിരിക്കും ഇതുസംബന്ധിച്ച അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളുക. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ ഉടൻതന്നെ ഒരു യോഗം വിളിച്ചുചേർക്കുമെന്നാണ് സൂചനയെന്നും സുരേഷ് ഗോപി പറഞ്ഞു. സംഭവത്തിൽ കേന്ദ്ര സംഘത്തിന്റെ അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video