ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണം; ഇന്ത്യൻ വിദ്യഭ്യാസ സമ്പ്രദായം അപകടത്തിൽ: രാഹുൽ ​ഗാന്ധി

ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണം; ഇന്ത്യൻ വിദ്യഭ്യാസ സമ്പ്രദായം അപകടത്തിൽ: രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ തകർക്കുന്ന നയങ്ങളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടികളുടെ ദൃശ്യങ്ങൾ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ച ശേഷമാണ് അദ്ദേഹം പ്രതികരിച്ചത്.

പ്രതിഷേധ സൂചകമായി കൈയിൽ കറുത്ത ബാൻഡ് ധരിച്ചാണ് രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ എത്തിയത്. വിദ്യാർഥികൾ ചെയ്ത തെറ്റെന്താണെന്ന് ചോദിച്ച അദ്ദേഹം, തങ്ങളുടെ പരാതികൾ കേൾക്കണമെന്ന ആവശ്യമാണ് അവർ മുന്നോട്ടുവെച്ചതെന്നും പറഞ്ഞു.

ഒരുകാലത്ത് ലോകപ്രശസ്തമായിരുന്ന ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം ഇന്ന് അഴിമതിയും ക്രമക്കേടുകളും നിറഞ്ഞതായിമാറിയെന്ന് രാഹുൽ ആരോപിച്ചു. നീറ്റ് ഉൾപ്പെടെ രാജ്യത്ത് ഇതുവരെ 152 ചോദ്യപ്പേപ്പറുകൾ ചോർന്നതായി അദ്ദേഹം അവകാശപ്പെട്ടു.

ഇതോടെ കോടിക്കണക്കിന് വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലായെന്നും, ഇത്രയും ക്രമക്കേടുകൾ നടന്നിട്ടും കുറ്റക്കാർക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. നീറ്റ് പരീക്ഷയ്ക്കായി ബജറ്റിൽ അനുവദിക്കുന്ന തുകയിലും വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

വിദ്യാർഥികളുടെയും അവരുടെ കുടുംബങ്ങളുടെയും ഭാവിയെ ബാധിക്കുന്ന ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ സംഘടിത സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും അദ്ദേഹം രാജിവെക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.