ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് സഞ്ചരിച്ച ശതാബ്ദി എക്സ്പ്രസിന് നേരെ കല്ലേറ്; അന്വേഷണം

ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് സഞ്ചരിച്ച ശതാബ്ദി എക്സ്പ്രസിന് നേരെ കല്ലേറ്; അന്വേഷണം

ലഖ്നൗ: കാൺപുരിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് സഞ്ചരിച്ച ശതാബ്ദി എക്സ്പ്രസിന് നേരെ കല്ലേറ്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കല്ലേറിൽ ട്രെയിനിന്റെ ചില്ലുകൾ തകർന്നെങ്കിലും മോഹൻ ഭാഗവത് പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കല്ലേറ് നടന്ന വശത്തിന് നേരെ വിപരീത ദിശയിലുള്ള സീറ്റിലായിരുന്നു അദ്ദേഹം ഇരുന്നിരുന്നത് എന്നത് വലിയൊരു അപകടം ഒഴിവാകാൻ കാരണമായി.

ഫിറോസാബാദ് ജില്ലയിലെ മകൻപുർ സ്റ്റേഷൻ കടന്നുപോകുമ്പോഴാണ് മോഹൻ ഭാഗവത് ഇരുന്ന ശതാബ്ദി എക്സ്പ്രസിലെ ഇ-1 കോച്ചിന് നേരെ ആക്രമണമുണ്ടായത്. രാത്രി ഏകദേശം 7:20-ഓടെയായിരുന്നു സംഭവം. ആക്രമണത്തെത്തുടർന്ന് ട്രെയിൻ തൊട്ടടുത്തുള്ള തുണ്ടല സ്റ്റേഷനിൽ നിർത്തുകയും സുരക്ഷാ ഉദ്യോഗസ്ഥർ വിശദമായ പരിശോധനകൾ നടത്തുകയും ചെയ്തു. കല്ലേറിൽ ട്രെയിനിന്റെ ജനൽചില്ലുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.