തിരുവനന്തപുരം: കൊറിയൻ സിനിമകളും ഓൺലൈൻ ഗെയിമിങ്ങും കുട്ടികളിൽ അക്രമവാസന വർധിപ്പിക്കുന്നതായി പരാതികൾ ഉയരുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലടക്കം നിരവധി കുട്ടികൾ കൊറിയൻ സിനിമകൾ കാണുന്നുണ്ടെന്നും വിവിധ രാജ്യങ്ങളിലെ ക്രൈം സിനിമകൾ കാണാനുള്ള അവസരങ്ങൾ കുട്ടികൾക്ക് ലഭിക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ഇത്തരം സിനിമകൾ കുട്ടികളിലെ അക്രമവാസനയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന പരാതികൾ ഉയരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഓൺലൈൻ ഗെയിമിങ്ങിലൂടെയും കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യമുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. കുട്ടികൾക്കിടയിൽ അക്രമവാസന വർധിക്കുന്നതും ഓൺലൈൻ ഗെയിമിങ്ങുമായി ബന്ധപ്പെട്ട് കുട്ടികളടക്കമുള്ളവർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളും ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തന്റെ മണ്ഡലത്തിൽ 13 വയസ്സുള്ള ഒരു കുട്ടി മുത്തച്ഛനെ കൊല്ലുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ മൊബൈലിലൂടെ കണ്ടുകൊണ്ടിരുന്ന സംഭവവും അദ്ദേഹം സഭയിൽ പരാമർശിച്ചു. ഇത്തരം പ്രവണതകൾ കുട്ടികളുടെ പെരുമാറ്റത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും ചെന്നിത്തല പറഞ്ഞു.