പിഎം-ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാം; ആനുകൂല്യങ്ങൾ ലഭിക്കില്ലെന്ന് കേന്ദ്രം

പിഎം-ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാം; ആനുകൂല്യങ്ങൾ ലഭിക്കില്ലെന്ന് കേന്ദ്രം

ന്യുഡൽഹി: പി.എം-ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാൻ സ്വാതന്ത്ര്യമുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. എന്നാൽ പദ്ധതിയിൽ ചേരാതിരിക്കുകയോ പിന്നീട് പിന്മാറുകയോ ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് പദ്ധതിയുടെ സാമ്പത്തികവും ഭരണപരവുമായ ആനുകൂല്യങ്ങൾ ലഭിക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി രാജ്യസഭയിൽ അറിയിച്ചു. വി. ശിവദാസൻ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയിലായിരുന്നു ഈ വിശദീകരണം.

കേരളവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയായി, ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവെച്ചതിന് ശേഷവും പദ്ധതി നടപ്പാക്കുന്നതിനുള്ള തുടർനടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചു. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കേണ്ട സ്കൂളുകളുടെ പട്ടികയും കേരളം ഇതുവരെ സമർപ്പിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

പദ്ധതി നടപ്പാക്കാത്തതിനാൽ പിഎം-ശ്രീ പദ്ധതിയുടെ ഭാഗമായി കേരളത്തിന് ഇതുവരെ യാതൊരു സാമ്പത്തിക സഹായവും അനുവദിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഈ വിഷയത്തിൽ കോൺഗ്രസ് എംപി ജെബി മേത്തറുടെ ചോദ്യത്തിനും ഇതേ നിലപാടാണ് കേന്ദ്രം ആവർത്തിച്ചത്.

പിഎം-ശ്രീ പദ്ധതി നടപ്പാക്കുന്ന സംസ്ഥാനങ്ങൾ കേന്ദ്രം നിർദേശിക്കുന്ന വിദ്യാഭ്യാസ മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കേണ്ടിവരുമെന്നും അതിന്റെ ഭാഗമായി പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പരിഗണിക്കേണ്ട സാഹചര്യമുണ്ടാകുമെന്നും കേന്ദ്ര സഹമന്ത്രി രാജ്യസഭയിൽ വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് പിഎം-ശ്രീ പദ്ധതി നടപ്പാക്കാനുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് കേരളത്തിലെ ഭരണകക്ഷി നേതൃത്വം നേരത്തെ അറിയിച്ചിരുന്നു.