മലപ്പുറം: കേരളത്തിലെ വ്യവസായ മേഖലയെ പ്രകീർത്തിച്ച ശശി തരൂരിന്റെ ലേഖനത്തിൽ എതിർപ്പ് പരസ്യമാക്കാൻ മുസ്ലിം ലീഗിന്റെ നീക്കം. ലേഖനം യുഡിഎഫിനെ പ്രതിസന്ധിയിലാക്കുന്നതാണ് എന്ന നിലപാടിലാണ് ലീഗ് നേതൃത്വം. വിഷയത്തിൽ പ്രതികരണവുമായി പി.കെ. കുഞ്ഞാലിക്കുട്ടി ഇന്നു മാധ്യമങ്ങളെ കാണും.തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എൽഡിഎഫ് സർക്കാരിനെ പ്രശംസിക്കുന്നത് പോലെയായി ശശി തരൂരിന്റെ ലേഖനമെന്നും ഇത് യുഡിഎഫ് അണികളിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നതിന് കാരണമായെന്നും ലീഗ് വിലയിരുത്തുന്നു.
ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ വളര്‍ച്ചയെ ശശി തരൂര്‍ പ്രശംസിച്ചത്. പത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ “ചെയ്ഞ്ചിംഗ് കേരള; ലംബറിംഗ് ജമ്പോ ടു എ ലൈത് ടൈഗര്‍’ എന്ന തലക്കെട്ടിലായിരുന്നു ലേഖനം. 2024-ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാര്‍ട്ട്അപ്പ് മൂല്യം ആഗോള ശരാശരിയേക്കാള്‍ അഞ്ചിരട്ടി അധികമാണെന്നായിരുന്നു ലേഖനത്തില്‍ പറഞ്ഞത്.
അതേസമയം വ്യവസായ വളര്‍ച്ചയില്‍ കേരള സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള ലേഖനത്തിൽ വിശദീകരണവുമായി ശശി തരൂർ എംപി. വ്യവസായ വികസനവുമായി ബന്ധപ്പെട്ട് നയങ്ങളിൽ സിപിഎം വരുത്തിയ മാറ്റമാണ് ലേഖനമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കിയത്.നിലവിൽ സിപിഎം നേതൃത്വം നല്കുന്ന സര്‍ക്കാര്‍ കഴിഞ്ഞകാലങ്ങളില്‍ സാങ്കേതിക വിദ്യയ്ക്കും വ്യവസായ വളര്‍ച്ചയ്ക്കും പിന്തിരിഞ്ഞ് നിന്നിരുന്ന സമീപനങ്ങളില്‍ ഒരുമാറ്റം വരുത്തിയിരിക്കുന്നു. അത് കേരളത്തിന് ഗുണം ചെയ്യുന്നുണ്ടോ എന്ന വിഷയത്തെക്കുറിച്ചായിരുന്നു ചര്‍ച്ചയെന്നും ശശി തരൂര്‍ വിശദീകരിച്ചു.
ആദ്യമായി കേരളത്തിൽ ഗ്ലോബൽ ഇന്‍വെസ്റ്റേഴ്സ് മീറ്റ് നടത്തിയത് ആന്റണി സര്‍ക്കാരാണെന്നും ഉമ്മൻചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വ്യവസായ മേഖലയിൽ വലിയ പുരോഗതിയുണ്ടായിട്ടുണ്ടെന്നും തരൂര്‍ പറയുന്നു. വിഷയത്തിൽ പ്രതികരിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാലും രംഗത്തെത്തി. ശശി തരൂർ എംപി പറഞ്ഞത് കേരളത്തിൽ എല്ലാവരും അംഗീകരിക്കുന്നതാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഫാക്ടാണ് തരൂർ പറഞ്ഞത്. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം അടക്കം നേരിടുമ്പോഴാണ് കേരളം ഇതെല്ലാം ചെയ്യുന്നതെന്നും ധനമന്ത്രി പറഞ്ഞു.
എല്ലാ വികസനത്തെയും എതിർക്കുമെന്നതാണ് കോൺഗ്രസ് നേതൃത്വത്തിന്റെ സമീപനം. കോൺഗ്രസ് സ്വന്തം സംസ്ഥാനത്തെ തകർക്കാനാണ് നോക്കുന്നത്.ശശി തരൂരിന്റെ രാഷ്ട്രീയത്തോട് അല്ല യോജിപ്പെന്നും പറഞ്ഞ കാര്യങ്ങളോടാണെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു.
Leave feedback about this