ഇനി ശരണം വിളിയുടെ നാളുകൾ;മണ്ഡലകാല മകര വിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും

ഇനി ശരണം വിളിയുടെ നാളുകൾ;മണ്ഡലകാല മകര വിളക്ക് തീര്‍ഥാടനത്തിനായി  ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട:മണ്ഡലകാല മകര വിളക്ക് തീര്‍ഥാടനത്തിനായി ശബരിമല ഇന്ന് തുറക്കും. പുതിയ ശബരിമല മേല്‍ശാന്തിയായി ഇ.ഡി പ്രസാദും മാളികപ്പുറം മേല്‍ശാന്തിയായി എം.ജി മനുവും സ്ഥാനമേല്‍ക്കും. വൈകിട്ട് 5ന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരിയാണ് നട തുറക്കുന്നത്. തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാം പടിയിറങ്ങി ശ്രീകോവിലില്‍ നിന്നുള്ള ദീപം കൊണ്ട് ആഴി ജ്വലിപ്പിക്കും.

പതിനെട്ടാം പടിക്ക് താഴെ ഇരുമുടിക്കെട്ടേന്തി കാത്തുനില്‍ക്കുന്ന നിയുക്ത മേല്‍ശാന്തിമാരെ അദ്ദേഹം കൈപിടിച്ച് സന്നിധാനത്തേക്ക് എത്തിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ ഇന്ന് സന്നിധാനത്ത് എത്തും. ശബരിമലയില്‍ പ്രതിദിനം തൊണ്ണൂറായിരം പേര്‍ക്കാണ് പ്രവേശനം അനുവദിക്കുക. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് വൃശ്ചിക പുലരിയില്‍ പുതിയ മേല്‍ശാന്തിമാര്‍ ശബരിമല, മാളികപ്പുറം നടകള്‍ തുറക്കുന്നതോടെ തീര്‍ഥാടനം ആരംഭിക്കും.

അതേസമയം, 70,000 പേര്‍ ഡിസംബര്‍ രണ്ട് വരെ വെര്‍ച്യല്‍ ക്യൂ വഴി ദര്‍ശനം ബുക്ക് ചെയ്തിട്ടുണ്ട്. ഡിസംബര്‍ 2 വരെ വെര്‍ച്യുല്‍ ക്യൂ ബുക്കിങ്ങില്‍ ഒഴിവില്ല. 20,000 പേര്‍ക്ക് സ്‌പോട്ട് ബുക്കിങ് വഴി ദര്‍ശനം നടത്താം. ഒരു ദിവസം 90,000 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതിയുള്ളത്. പമ്പയില്‍ ഒരേസമയം 10,000 പേര്‍ക്ക് വിശ്രമിക്കാന്‍ കഴിയുന്ന പത്ത് നടപ്പന്തലുകളും ജര്‍മന്‍ പന്തലും ഉണ്ട്.