വടകര: എം.ഡി.എം.എ കടത്ത്–വിതരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മറ്റൊരു അധ്യാപികയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷലിസ്റ്റ് അധ്യാപികയും ആവള കുട്ടോത്ത് സ്വദേശിനിയുമായ നീഷ്മയാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായ അധ്യാപികമാരുടെ എണ്ണം മൂന്നായി.സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു.
നേരത്തെ ഇതേ കേസിൽ അറസ്റ്റിലായ പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷലിസ്റ്റ് അധ്യാപിക കീർത്തനയെയും ചെരുവാളൂർ സ്കൂളിലെ അധ്യാപിക കാവ്യയെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.
പേരാമ്പ്രയിൽ എം.ഡി.എം.എയുമായി കീർത്തന അറസ്റ്റിലായതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. അധ്യാപിക എന്ന നിലയിലുള്ള വിശ്വാസ്യത മറയാക്കി വ്യാപകമായി എം.ഡി.എം.എ വിൽപ്പന നടത്തിയെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. പ്രതികൾ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയതായും ഇതുസംബന്ധിച്ച തെളിവുകൾ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ലഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.