രസിക് ബല്മ….
മനസുനിറയെ പെരുകിപ്പെരുകി, നെഞ്ചുപൊട്ടി, അത്രത്തോളം തന്നെ ചുട്ടുനീറ്റിക്കൊല്ലുന്ന സ്‌നേഹത്തെക്കുറിച്ച് അറിഞ്ഞിട്ടായിരുന്നില്ല, ജാനകിയമ്മ തന്റെ പതിനെട്ടാം വയസിൽ ആ പാട്ട് പഠിച്ചു പാടിയത്. സാക്ഷാൽ ലതാ മങ്കേഷ്‌കറിന് ആ വർഷത്തെ ഫിലിംഫെയർ അവാർഡ് നേടിക്കൊടുത്ത പാട്ടായിരുന്നു അത്.
എന്റെ പ്രിയപ്പെട്ടവനേ, എന്റെ മനസെന്തിനാണ് നിനക്ക് തന്നത്? എന്നു തുടങ്ങി, ആ മുഖമൊന്നു കാണാതെ ഞാൻ ഉഴറുകയാണെന്നുവരെ എത്തുന്ന വരികളുടെ അർത്ഥമെന്തെന്ന് അറിയാൻ ആ തെലുങ്കുപെൺകുട്ടിക്ക് ഹിന്ദി അറിയാമായിരുന്നില്ല. ഗ്രാമത്തിൽ സ്‌കൂളിൽ പഠിപ്പിക്കുന്ന എന്തെങ്കിലും വിഷയം കാര്യമായി പഠിക്കണമെന്നു പറഞ്ഞാൽ തൊണ്ടപൊട്ടിക്കരയുന്ന കുട്ടിയായിരുന്നു ജാനകിയമ്മ ചെറുപ്പത്തിൽ. ഹിന്ദിയുടെ ആവശ്യമില്ലല്ലോ പ്രണയത്തെക്കുറിച്ച് അറിയാൻ. പക്ഷേ, പതിനെട്ടു വയസെത്തിയിട്ടും കുസൃതിയിലും വികൃതിയിലും പാട്ടിലും ലയിച്ചുനടന്ന ആ പെൺകുട്ടിയുടെ മനസ് അത്ര പ്രണയത്തോളം വിടർന്നിട്ടുമുണ്ടായിരുന്നില്ല. പക്ഷേ, പാട്ട്. പാടിക്കേൾക്കുന്നതെല്ലാം അതേപടിയോ അതല്ലെങ്കിൽ സ്വന്തം സ്വരം ആ പാട്ടിന് ചേർക്കുന്ന അപൂർവ്വ മാധുര്യവും ചേർത്ത് ഒരുപടി മേലേക്കോ എത്തിച്ച് പാടി വിസ്മയിപ്പിച്ചു ആ കുട്ടി. പിൽക്കാലത്ത് തമിഴ്, മലയാളം, തെലുങ്ക്…….. ഭാഷകളുടെ അതിർവരമ്പിനപ്പുറം ഒരു ജനതയെയാകെ തന്റെ സ്വരത്തെ പ്രണയിപ്പിക്കാൻ പോകുന്ന എസ്. ജാനകിയായി വളരേണ്ട കുട്ടി.
ശബ്ദത്തിൽ ദൈവസ്പർശമിണങ്ങി നിന്ന ആ പെൺകുട്ടിയുടെ ആകാശം സിനിമാലോകത്താണെന്ന് തിരിച്ചറിഞ്ഞ് തന്റെ ഒപ്പം കൂട്ടുകയായിരുന്നു ചന്ദ്രശേഖർ. എസ്. ജാനകിയുടെ ഗ്രാമത്തിൽ നിന്നും ചെന്നൈയിലേക്ക് പണ്ടേ കുടിയേറിപ്പാർത്ത ചന്ദ്രശേഖറിന് സംഗീതത്തിൽ അഗാധ ജ്ഞാനവും തമിഴ് സിനിമാലോകത്ത് തന്റേതായ സ്വാധീനവും അന്നുണ്ടായിരുന്നു. ഇന്ത്യൻ പ്രസിഡന്റിന്റെ കൈയിൽ നിന്നു വാങ്ങിയ സമ്മാനത്തിന്റെ പ്രഭയോടെയാണ് എസ്. ജാനകി ചെന്നൈയിലെത്തിയത്. ഓൾ ഇന്ത്യാ റേഡിയോ ദേശീയ തലത്തിൽ നടത്തിയ സംഗീതമത്സരത്തിലെ രണ്ടാം സ്ഥാനം. ജാനകിയെ ചെന്നൈയിലെ സിനിമാലോകത്തിന് പരിചയപ്പെടുത്തിനൽകാൻ ഒരു പാട്ടു കൂടി വേണമായിരുന്നു അന്ന്. അങ്ങനെയാണ് രസിക് ബാല്മ.. തെരഞ്ഞെടുക്കപ്പെട്ടത്. പിൽക്കാലത്ത്, തന്റെ പാട്ടുജീവിതത്തിലെ ഏറ്റവും മികച്ച ഗാനമെന്ന പല്ലവി നൽകി ലതാജി ആദരിക്കാനിരിക്കുന്ന ആ പാട്ട്. എസ്. ജാനകിയുടെ ശബ്ദമധുരിമയും രാഗാലാപനത്തിലെ വൈഭവവും എടുത്തുകാണിക്കുന്നതായിരുന്നു.
ശുദ്ധ കല്യാണി രാഗം. അതിൽത്തന്നെ ശുദ്ധമായ ‘മ’യുടെ സ്വരസ്ഥാന പ്രത്യേകത കൊണ്ട് പ്രണയവേദനയത്രയും തുടിച്ചുപൊട്ടുന്ന സംഗീതവഴികളിൽക്കൂടി ഒഴുകുന്ന പാട്ട്. (ചോരി ചോരി എന്ന ചിത്രത്തിലെ നായികയായി അഭിനയിച്ച നർഗീസായിരുന്നു ഈ പാട്ടിന്റെ രംഗത്ത് പ്രത്യക്ഷപ്പെടേണ്ടിയിരുന്നത്. ലൗഡ് സ്പീക്കറിലൂടെ പാട്ട് ഒഴുകിയെത്തിയപ്പോൾത്തന്നെ നർഗീസ് ഉറച്ചുപറഞ്ഞു, ഈ പാട്ടിന്റെ സീനിൽ അഭിനയിക്കാൻ എനിക്ക് ഗ്ലിസറിൻ ആവശ്യമില്ല. പകരം ഈ പാട്ടുമാത്രം മതി. എന്റെ മനസിലും മുഖത്തും പ്രണയം വന്നുകൊള്ളും. കണ്ണിലേക്ക് വേദനയും കണ്ണീരും ഇരമ്പിയെത്തിക്കോളും.)
മനസ്സറിഞ്ഞുപാടിയ ആ പാട്ടിനുപകരം എ.വി. എം. സ്റ്റുഡിയോ നൽകിയത് സ്റ്റാഫ് ആർട്ടിസ്റ്റായി ജാനകിയമ്മയെ നിയമിച്ചുകൊണ്ടുള്ള കരാറാണ്. സാക്ഷാൽ പി. സുശീലയുടെ കരാർ കാലാവധി കഴിഞ്ഞതിന് പകരമുള്ള നിയമനം. ആയിരക്കണക്കിന് പ്രണയഗാനങ്ങളുടെ കാലത്തിന്റെ തുടക്കമായിരുന്നു അത്.
പക്ഷേ, ആ പാട്ടിനെക്കുറിച്ചായിരുന്നില്ല, ഞങ്ങൾ സംസാരിച്ചുതുടങ്ങിയത്. ചെന്നൈയിലെ തിരക്കുകൾക്കപ്പുറം, നീലേങ്കരയിലെ വീടിന്റെ സ്വച്ഛതയിൽ ജാനകിയമ്മയ്ക്ക് ഒപ്പമിരുന്ന് സംസാരിച്ചുതുടങ്ങിയത് മറ്റേതൊക്കെയോ പാട്ടനുഭവങ്ങളെക്കുറിച്ചായിരുന്നു, ഒപ്പം പാടിയവരെക്കുറിച്ച്. ഓരോ തലമുറയും എന്റെ സ്‌നേഹം, എന്റെ പ്രണയം, എന്റെ നൊമ്പരം എന്നെല്ലാം പറഞ്ഞ് മനസിൽ എടുത്തുവച്ച പാട്ടുകളെക്കുറിച്ച്. ഓരോ പാട്ടും ഓർമ്മയിൽ വരുമ്പോൾ സ്വാഭാവികമായും ജാനകിയമ്മ പാടിത്തുടങ്ങും. കഥകൾക്കിടയിൽ, പാട്ടുകൾക്കിടയിൽ എപ്പോഴോ കയറിവന്ന ഒരു ചോദ്യം.
മലയാളിപ്പെണ്ണിന്റെ മനസാകെ പ്രണയത്തിന്റെ തളിരുകൾ അണിഞ്ഞത്, കാലൊച്ച കേൾക്കാൻ കാത്തിരുന്നത്, നിർവൃതികളറിഞ്ഞത് ഒക്കെയും ജാനകിയമ്മയുടെ പാട്ടുകളിലൂടെയാണ്. പ്രണയം, ആ ഗായികയുടെ മനസിലേക്കെത്തിയത് ഏത് പാട്ടിലൂടെയാണ്? പ്രണയത്തെക്കുറിച്ചോർക്കുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്ന പാട്ട് ഏതാണ്?
ജാനകിയമ്മയുടെ വാക്കുകൾ മുറിഞ്ഞത് പെട്ടെന്നാണ്. വിരലുകൾ തമ്മിൽ കോർത്ത്, പിന്നെ അതിലേക്ക് കണ്ണുകൾ കൂടി ചേർത്ത് കൊരുത്ത്… കുറേ നിമിഷങ്ങൾ. ഇത്രയേറെ പാട്ടുകൾക്കിടയിൽ നിന്ന് കുറച്ചു പാട്ടുകൾ തെരഞ്ഞെടുക്കുന്നതിന്റെ വൈഷമ്യമാണെന്നോർത്ത് ഞാൻ സഹായത്തിനെത്തി. തെരഞ്ഞെടുക്കാൻ പ്രയാസമാണെങ്കിൽ നമുക്ക് ആ ചോദ്യം വിടാം.
”വേണ്ട ഞാൻ പറയാം.” എന്നു പറഞ്ഞത് ചുവരിലെ ഫോട്ടോയിലേക്ക് നോക്കിയാണ്. ഉത്തരം ആ ഫോട്ടോയിലിരുന്ന് മന്ദഹസിക്കുന്ന സുന്ദരമുഖത്തോടാണെന്നതു പോലെ. ജാനകിയമ്മയുടെ പാട്ടുകളുടെ ഏറ്റവും വലിയ ആരാധകൻ എന്ന വിശേഷണം എന്നും സ്വന്തം കൈപ്പിടിയിൽ ഒതുക്കിയ ഭർത്താവിനോട്, പാടിക്കോളൂ, ഈശ്വരനാണ് നിന്നിലൂടെ പാടുന്നതെന്ന് ഓരോ റെക്കോഡിംഗിനു മുമ്പും ധൈര്യംനൽകി ഒപ്പം നിന്ന സ്‌നേഹത്തിനോട്.
”അങ്ങനെയൊരു പാട്ട്.. ഉണ്ട്. പക്ഷേ, അത് ഞാൻ പാടിയതല്ല. ലതാജിയുടേതാണ്. രസിക് ബല്മ….”
അതേവരെ സംസാരിച്ചിരുന്ന ശൈലിയിലായിരുന്നില്ല ഇക്കുറി ജാനകിയമ്മ പറഞ്ഞുതുടങ്ങിയത്. പാട്ടിലേക്ക് കടന്നിട്ടും പാടുക പോയിട്ട് ഒന്നു മൂളിയതുപോലുമില്ല. വരിത്തുമ്പുകൾ പറയുക മാത്രം ചെയ്തു.”ആ പാട്ട് എന്റെ ജീവിതത്തിലെ ഭാഗ്യലോകത്തിലേക്ക് വഴി തുറന്നു തരികയായിരുന്നു.”
എ.വി.എം. സ്റ്റുഡിയോയിലെ നിയമനത്തെക്കുറിച്ചായിരിക്കുമോ പറയുന്നത് എന്ന് മനസിലോർത്തു. പക്ഷേ, ആ നിമിഷം ജാനകിയമ്മയുടെ മനസിൽ സ്റ്റുഡിയോകളോ പാട്ടുകൾ നേടിത്തന്ന അംഗീകാരങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. മനസിൽ വി. രാമപ്രസാദ് എന്ന ഒരു ലോകം മാത്രമാണ് ബാക്കിനിന്നത്. വെറും വെറുതെയാണെന്നറിഞ്ഞിട്ടും ഏറെക്കാലം എസ്. ജാനകി എന്ന പെൺകുട്ടി മനസിൽ ആരാധിച്ചുനടന്ന രൂപം. പിന്നീട് പ്രണയവും കരുതലും നൽകി ജീവിതം പങ്കുവച്ച് പാട്ടുകളുടെ പൂർണ്ണതയായിത്തീർന്ന കൂട്ടുകാരൻ. ഇന്നിപ്പോൾ പാട്ടുകൾ പോലും വേദനയുടെ തിരകളാണെന്ന് അറിയുന്നത്ര ഒറ്റപ്പെടൽ ബാക്കിവച്ച സ്‌നേഹകഥയിലെ നായകൻ.
”ആന്ധ്രയിൽ നിന്നും സിനിമയിൽ പാടാൻ അവസരം തേടി ചെന്നൈയിൽ വന്ന കാലം. പിന്നീട് എന്റെ അമ്മായിയച്ചനായിത്തീർന്ന ചന്ദ്രശേഖർ അദ്ദേഹത്തിന്റെ വീട്ടിൽത്തന്നെയാണ് താമസിക്കാൻ ഇടം നൽകിയത്. അദ്ദേഹത്തിന്റെ ഭാര്യ, ആ വീട്ടിലെ അമ്മ, എന്നോട് പെട്ടെന്ന് അടുത്തു. അമ്മയ്ക്ക് എപ്പോഴും മകനെക്കുറിച്ച് പറയാനേ സമയമുണ്ടായിരുന്നുള്ളൂ. അങ്ങനെ കേട്ടുകേട്ട് എനിക്ക് അമ്മയുടെ മകൻ രാമുവിനെ വളരെ പരിചിതമായി. ഇഷ്ടങ്ങൾ, അനിഷ്ടങ്ങൾ, കുട്ടിക്കാലത്തെ കുസൃതികൾ, വലിയ പഠിപ്പും പത്രാസും ജോലിയുമൊക്കെയായിട്ടും അമ്മയുടെ അരികിലെത്തുമ്പോൾ പാവം കുട്ടിയാകുന്ന സ്വഭാവപ്രകൃതി അങ്ങനെ അമ്മയ്ക്ക് അറിയാവുന്നതെല്ലാം എനിക്കും അറിയാം എന്ന സ്ഥിതിയായി. പിന്നീടൊരിക്കൽ അമ്മ ഒരു ചെറിയ ബ്‌ളാക്ക് ആന്റ് വൈറ്റ് ഫോട്ടോ കാണിച്ചുതന്നു. പുഞ്ചിരിക്കുന്ന ഒരു മുഖം.
ദൈവം തോന്നിപ്പിച്ചതായിരിക്കാം എനിക്ക് ആ മുഖം വല്ലാതെ ഇഷ്ടമായി. ഇതാണ് എന്റെ ആരാധനാമൂർത്തിയെന്നൊരു തോന്നൽ. സ്റ്റുഡിയോയിലും പാട്ടുകൾ അവതരിപ്പിക്കാൻ പോവുമ്പേഴുമൊക്കെയായി എത്രയോ ആൾക്കാരെ കാണുന്ന ഒരാളാണ് ഞാൻ. ഒരിക്കലും ഇങ്ങനെയൊന്ന് തോന്നിയിട്ടില്ല. വെറുതെ കൂട്ടിനുള്ള ഇഷ്ടമൊന്നുമല്ലയിത്. ഇത് വേറേ ഒരിഷ്ടം. പാട്ടുകളിലൊക്കെ തെളിയുന്ന, അതേ ആ ഇഷ്ടം തന്നെ. അങ്ങനെയൊരു ഇഷ്ടം വന്നാൽ ഏത് പെൺകുട്ടിക്കും കുറച്ച് കുനിഷ്ട് ബുദ്ധിയൊക്കെ വരില്ലേ. ആ പ്രായത്തിലെ സ്വാർത്ഥതയും നിഷ്‌കളങ്കതയും ഒക്കെ ചേർന്ന ഒരു ബുദ്ധി. എനിക്കും വന്നു അങ്ങനെയൊന്ന്. ആ ബുദ്ധിവച്ച് ഏതൊക്കെയോ വഴിക്ക് ആരുമറിയാതെ ആ ഫോട്ടോ ഞാൻ എന്റെ കൈയിലാക്കി ഒളിപ്പിച്ചു. എന്റെ പാട്ടുബുക്കിൽ, എന്റെ സ്വന്തം കണ്ണിനായി ഒളിപ്പിച്ചു. പാട്ടുപാടി പഠിക്കുമ്പോൾ ഫോട്ടോയിലിരുന്ന അദ്ദേഹം അതു കേട്ടുതുടങ്ങി. ആരോ എന്റെ പാട്ടുകേൾക്കാനുണ്ടെന്നും ഏറ്റവും നന്നായിട്ട് പാടണമെന്നുണ്ടെന്നും എനിക്ക് തോന്നിത്തുടങ്ങി. അങ്ങനെ ഒരു ദിവസം അമ്മ പറഞ്ഞു, ”രാമു വരുന്നുണ്ട്, എന്തിനാണെന്നോ? ഒരു പെണ്ണുകാണലിന്.” എനിക്ക് സങ്കടമൊന്നും തോന്നിയില്ല. സൂര്യകാന്തിയെപ്പോലെ ഞാൻ സ്വപ്നം കാണുന്നു എന്നു കരുതി സൂര്യന് അത് അറിയില്ലല്ലോ.
അദ്ദേഹം വരും മുമ്പ് നല്ലൊരു പെൺകുട്ടിയെ തെരഞ്ഞുവച്ചേക്കാം എന്നുപറഞ്ഞ് അമ്മ ആദ്യം പെണ്ണുകാണലുകൾക്കൊരുങ്ങി. ഒപ്പം കൂട്ടുന്നത് എന്നെയാണ്. അങ്ങനെ നാലഞ്ചു പെൺകുട്ടികളെ അദ്ദേഹം വരും മുമ്പുതന്നെ ഞങ്ങൾ പോയിക്കണ്ടു. വൈകുന്നേരം വീട്ടിൽ അച്ഛനുമായി, ”ഇന്നു കണ്ട കുട്ടിക്ക് മറ്റേ കുട്ടിയുടെ അത്ര നിറമില്ല, നാളെ കാണാൻ പോകുന്ന കുട്ടി നല്ലൊരു സുന്ദരിയാണെന്നു തോന്നുന്നു.” എന്നൊക്കെ അമ്മ പറയുമ്പോൾ ഞാനും അഭിപ്രായമൊക്കെ പറഞ്ഞ് കൂടെച്ചേരും. ചർച്ച തീർത്ത് തിരിച്ച് മുറിയിലെത്തുമ്പോൾ പാട്ടുപുസ്തകം തുറക്കും, ഫോട്ടോയിലേക്ക് നോക്കും, പിന്നെ തനിയെ പാടിപ്പോകും,
”രസിക് ബല്മ ദിൽ ക്യോം ലഗായ….
നേഹാ ലഗാകെ ഹാരേ തഡപ്പോ മേ ഗം കേ മാരേ…
(കാത്തിരുന്ന് മടുത്തു. സങ്കടം കൊണ്ട് എനിക്ക് നോവുന്നു.)
ദൂംഡേഹേ പാഗൽ നൈനാ, പായേന എക്പൽ ഛൈന..”
(കിറുക്കു പിടിച്ച കണ്ണുകൾ തെരഞ്ഞുകൊണ്ടേയിരിക്കുന്നു. ഒരുനിമിഷം പോലും വിശ്രമമില്ല.)
അങ്ങനെ പാടിപ്പാടി ഞാനുറങ്ങും.
ഒടുവിൽ അദ്ദേഹം വരുന്ന ദിവസമായി. അതേവരെ ആ വലിയ വീട്ടിൽ എനിക്കുണ്ടായിരുന്ന പൂർണ്ണ സ്വാതന്ത്ര്യത്തിന് ഞാൻതന്നെ ഒരു വിലക്കിട്ടു. അതിരാവിലെ ഉണർന്ന്, കുളിച്ച് ഭക്ഷണം കഴിച്ചെന്നുവരുത്തി സ്റ്റുഡിയോയിലേക്ക് പോകും. മടങ്ങിവന്നാൽ കഴിവതും മുറിയിൽത്തന്നെ ഒതുങ്ങിക്കൂടും. അദ്ദേഹവും വീട്ടിലങ്ങനെ കാണപ്പെടാറില്ലായിരുന്നു. ബന്ധുവീട്ടുകളിലെ സന്ദർശനം, പെണ്ണുകാണലുകൾ. ഇടയ്ക്ക് അദ്ദേഹം പെണ്ണുകാണാൻ പോകുന്ന വാർത്തയൊക്കെ ഞാനറിയുമായിരുന്നു. ഓരോ ദിവസവും വൈകുന്നേരം ഞാൻ വരുമ്പോൾ മനസു നിറയെ ആകാംക്ഷയാണ്. ‘നിശ്ചയിച്ചുകാണുമോ കല്യാണം?’ ഒരാളെയും അദ്ദേഹത്തിന് ഇഷ്ടമായില്ല.
പെട്ടെന്നൊരു ദിവസം നിനച്ചിരിക്കാതെ ഞാൻ കുടുംബസദസിൽ ചെന്നുപെട്ടു. അച്ഛനും ഉണ്ടായിരുന്നു അവിടെ. ഞാനാകെയൊന്ന് പരുങ്ങി. അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു, ഈ വീട്ടിൽ വലിയൊരു പാട്ടുകാരിയുണ്ടായിട്ട് ഒരു പാട്ടു പോലും ഒന്ന് പാടിക്കേൾപ്പിക്കുന്നില്ലല്ലോ! ഇതെന്താ മിണ്ടാക്കുട്ടിയാണോ?
അതുകേട്ട് അച്ഛൻ പൊട്ടിച്ചിരിച്ചു. ”ഇവളോ? ഇവൾ ഈ വീട്ടിലെ കിലുക്കാംപെട്ടിയല്ലേ. ഒരു പാട്ടെന്നു പറഞ്ഞാൽ പിന്നെ പാടിക്കൊണ്ടേയിരിക്കും.”
”എങ്കിൽ പാട്ടു കേട്ടിട്ടേ ഇനിയുള്ളൂ.” അദ്ദേഹം പറഞ്ഞു, ”പാടൂ.”
എനിക്കാണെങ്കിൽ ജീവിതത്തിലാദ്യമായി ഒരു പാട്ടും ഓർമ്മവരുന്നില്ല. പക്ഷെ, ഒരു പാട്ടിൽ മാത്രം അദ്ദേഹത്തെ ഓർമ്മ വന്നിരിക്കാം.
”രസിക് ബല്മ…”
ആദ്യമായി എനിക്കുതോന്നി ഞാനല്ലാ ഈ പാട്ടുപാടുന്നത്.”
ഇത്രയും പറഞ്ഞിട്ടും, പല തവണ വരികളിലൂടെ കടന്നുപോയിട്ടും ജാനകിയമ്മ ആ പാട്ടൊന്ന് പാടിയതേയില്ല. വി. രാമപ്രസാദിന്റെയും എസ്. ജാനകിയുടെയും പിന്നീടുള്ള ജീവിതത്തിന് ശ്രുതിയിട്ട പാട്ട്. അമ്പരപ്പിക്കുന്ന ഭാവഭംഗിയോടെ, സ്വരശുദ്ധിയോടെ, രാമപ്രസാദിനെ അമ്പരപ്പിച്ച പാട്ട്. പിന്നീട് സംസാരിച്ചുതുടങ്ങിയപ്പോൾ, വാക്കുകളിൽ നിന്ന് പാട്ട് മറഞ്ഞുപോയിരുന്നു. പകരം തന്റെ ഭർത്താവിനെക്കുറിച്ച് മാത്രമായിരുന്നു പിന്നീടുള്ള സംസാരം.
”എന്നേക്കാൾ എത്രയോ മടങ്ങ് അദ്ദേഹം എന്റെ സംഗീതത്തിനു വേണ്ടി ത്യാഗങ്ങൾ ചെയ്തു എന്നറിയുമോ? ഓരോ പാട്ടിനെയും എത്രമേൽ സ്‌നേഹിച്ചിരുന്നു എന്നറിയുമോ. റെക്കോഡിംഗ് കഴിഞ്ഞെത്തിയാൽ, അന്ന് റെക്കോഡ് ചെയ്ത പാട്ടിന്റെ കോപ്പി കേൾക്കണം. ഞാൻ പാടിക്കൊടുക്കണം. ഓരോ പാട്ടും ഓരോ വരിയും അദ്ദേഹം ശ്രദ്ധിക്കുമായിരുന്നു.” ജാനകിയമ്മയുടെ കണ്ണുകൾ തുളുമ്പിത്തുടങ്ങി.
”ഇന്ന് അതേ പാട്ടുകൾ എന്റെ മനസിലേക്ക് എത്തുന്നത് ഇത്തരം ഓർമ്മകളുമായാണ്. പ്രത്യേകിച്ച് രസിക് ബല്മ.. അദ്ദേഹത്തിനു മുന്നിൽ ആദ്യമായി ആ പാട്ട് പാടിയപ്പോൾ എന്റെ മനസിൽ എന്തായിരുന്നുവെന്ന് എനിക്ക് ഇന്നും അറിയില്ല. പക്ഷേ ഇന്ന് ആ വരികൾക്ക് മുന്നിൽ ഞാൻ പതറിപ്പോകും. ഇനിയൊരിക്കലും എനിക്ക് ആ പാട്ട് പാടാൻ കഴിയില്ല.”
‘’ജബ് യാദ് ആയേ നിഹാരേ സൂരത് വോ പ്യാരേ പ്യാരേ”
(നിന്നെക്കുറിച്ചോർക്കുമ്പോൾ, പ്രിയങ്കരമായ ആ മുഖം ഓർക്കുമ്പോൾ) ശരിയാണ് ജാനകിയമ്മയ്ക്ക് എങ്ങനെ ആ പാട്ടിനി പാടാൻ കഴിയും. ആ ദിവസത്തിനുശേഷം എന്റെ മനസിൽ ആ പാട്ട് ലതാമങ്കേഷ്‌കറുടേതല്ല, അത് ജാനകിയമ്മയുടെ പാട്ടാണ്. ഒരു പാട്ടുപുസ്തകത്തിൽ ഒളിച്ചിരുന്ന പ്രണയകഥയിലെ ജീവൻതുടിക്കുന്ന പാട്ട്.