ജിദ്ദയിൽ പക്ഷാഘാതം ബാധിച്ച് കുടുങ്ങിയ പ്രവാസിക്കായി എം.എ യൂസഫലിയുടെ ഇടപെടൽ; അബ്ദുൾ അലീം നാട്ടിലേക്ക് മടങ്ങി
ജിദ്ദ: കടുത്ത സാമ്പത്തിക പ്രതിസന്ധിയും യാത്രാവിലക്കും മൂലം സൗദി അറേബ്യയിലെ ജിദ്ദയിൽ ദുരിതജീവിതം നയിച്ചിരുന്ന ഇന്ത്യൻ പ്രവാസിക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ ഇടപെടലിലൂടെ നാട്ടിലേക്ക് മടങ്ങാനുള്ള വഴി തുറന്നു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഹൈദരാബാദ് സ്വദേശി മുഹമ്മദ് അബ്ദുൽ അലീമാണ് എല്ലാ നിയമനടപടികളും പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങിയത്.

15 വർഷത്തിലേറെ സൗദി അറേബ്യയിൽ സെയിൽസ് മാനായി ജോലി ചെയ്തിരുന്ന അലീം ജോലി ചെയ്തിരുന്ന കാലത്ത് മാസതവണ വ്യവസ്ഥയിൽ ഒരു കാർ വാങ്ങിയിരുന്നു. എന്നാൽ വാഹനത്തിന്റെ മുഴുവൻ തുകയും അടച്ചുതീർക്കും മുമ്പ് ഭാര്യയുടെ ഗുരുതര ആരോഗ്യസ്ഥിതിയെ തുടർന്ന് അദ്ദേഹം അടിയന്തരമായി ഇന്ത്യയിലേക്ക് മടങ്ങി. പിന്നീട് ഭാര്യ മരണമടഞ്ഞതോടെ സമയബന്ധിതമായി സൗദിയിലേക്ക് തിരിച്ചെത്താൻ അദ്ദേഹത്തിന് സാധിച്ചില്ല.
തുടർന്ന് പുതിയ വിസയിൽ ഹൗസ് ഡ്രൈവറായി വീണ്ടും സൗദിയിലെത്തിയെങ്കിലും പഴയ വാഹനവുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യത നിലനിന്നിരുന്നു. കുടിശ്ശിക തീർക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് അദ്ദേഹത്തിനെതിരെ യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. ഇതിനിടെയാണ് അലീമിന് പക്ഷാഘാതം സംഭവിച്ച് ശരീരത്തിന്റെ ഒരു ഭാഗം തളരുകയും ചികിത്സയ്ക്കായി ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഡിസ്ചാർജിന് സമയമായപ്പോഴും ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ ആശുപത്രിയുടെ നിർദേശപ്രകാരം അലീമിനെ ‘വഖഫ് ദാറകും’ എന്ന അഭയകേന്ദ്രം ഏറ്റെടുക്കുകയായിരുന്നു.
വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എം.എ. യൂസഫലി വിഷയത്തിൽ നേരിട്ട് ഇടപെടുകയായിരുന്നു. വാഹനവുമായി ബന്ധപ്പെട്ട കുടിശ്ശിക പൂർണമായും തീർത്ത് സാമ്പത്തിക ബാധ്യത ഒഴിവാക്കാൻ ആവശ്യമായ സഹായം അദ്ദേഹം നൽകി. ഇതോടെ യാത്രാവിലക്ക് പിൻവലിക്കുന്നതിനുള്ള നിയമനടപടികളും വേഗത്തിൽ പൂർത്തിയാക്കാൻ സാധിച്ചു.
എം.എ യൂസഫലിയുടെ നിർദേശപ്രകാരം ലുലു ഗ്രൂപ്പിന്റെ സൗദി പ്രതിനിധികളായ ലുലു റീജണൽ ഡയറക്ടർ അബ്ദുസലാം, ലുലു പ്രതിനിധി അബ്ദുൽ മജീദ് എന്നിവർ മുഹമ്മദ് അലീമിനെ സന്ദർശിക്കുകയും നാട്ടിലേക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി വിമാനടിക്കറ്റും കൈമാറി. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമ വിഭാഗം അംഗം ഷമീർ നദ്‌വിയും അലീമിനോടൊപ്പം യാത്ര ചെയ്യുന്നുണ്ട്. ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടത്തിൽ സഹായഹസ്തം നീട്ടിയ എം.എ. യൂസഫലിക്കും നിയമ-ഭരണ നടപടികൾ വേഗത്തിലാക്കാൻ സഹകരിച്ച ഇന്ത്യൻ കോൺസുലേറ്റിനും അദ്ദേഹം നന്ദി അറിയിച്ചു.