തിരുവനന്തപുരം: സിപിഎമ്മിനെ തകർക്കാമെന്ന ദുർമോഹം ആർക്കും വേണ്ടെന്നും അത്തരത്തിൽ ശ്രമിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂവെന്നും സിപിഎം നേതാവ് പിണറായി വിജയൻ. പാർട്ടിക്കെതിരെ ഉയരുന്ന ആരോപണങ്ങളെയെല്ലാം അതിജീവിച്ച് പ്രസ്ഥാനം മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറിയാകുന്നതിന് മുമ്പും മുഖ്യമന്ത്രിയായ ശേഷവും തനിക്കെതിരെ രൂക്ഷമായ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, അവയെല്ലാം വ്യക്തിപരമായ ആക്രമണങ്ങളായി കാണാതെ താൻ ഉൾപ്പെടുന്ന പ്രസ്ഥാനത്തിനെതിരായ കടന്നാക്രമണങ്ങളായാണ് കണ്ടതെന്ന് പിണറായി പറഞ്ഞു.
ഇത്തരം ആക്രമണങ്ങൾക്ക് ചരിത്രത്തിൽ ഒരിക്കലും വിജയിക്കാനായിട്ടില്ല. പ്രസ്ഥാനത്തെ തളർത്താനും തകർക്കാനും പല ഘട്ടങ്ങളിലും ശ്രമങ്ങളുണ്ടായെങ്കിലും തെല്ലുപോലും തളർത്താൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2016ൽ എൽഡിഎഫ് അധികാരത്തിലെത്തിയതിനു പിന്നാലെ സർക്കാരിനും മുഖ്യമന്ത്രിയെന്ന നിലയിൽ തനിക്കെതിരെയും ശക്തമായ ആക്രമണങ്ങളുണ്ടായി. കോവിഡ് കാലത്ത് സർക്കാർ പ്രതിസന്ധി നേരിടുമ്പോഴും അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള ഇടപെടലുകൾ ഉണ്ടായതായി പിണറായി ആരോപിച്ചു.
ഡാറ്റ ചോർത്തിയെന്ന ആരോപണം മുതൽ ബിരിയാണിച്ചെമ്പിലെ സ്വർണക്കടത്ത് ആരോപണം വരെ ഉയർന്നു. എത്രത്തോളം ഹീനമായ ആരോപണങ്ങൾ ഉന്നയിക്കാമെന്നതിന്റെ ഭാഗമായിരുന്നു ഇത്തരം പ്രചാരണങ്ങളെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ വിശദീകരിക്കാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്നും അവയിൽ ഒന്നുപോലും നിയമത്തിന് മുന്നിൽ നിലനിന്നിട്ടില്ലെന്നും പിണറായി പറഞ്ഞു. ജനങ്ങൾ അവയെല്ലാം തള്ളിക്കളഞ്ഞു.
2021ൽ കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി എൽഡിഎഫിന് തുടർഭരണം ലഭിച്ചതോടെ സിപിഎമ്മിനെയും എൽഡിഎഫിനെയും തകർക്കുക എന്ന ലക്ഷ്യത്തോടെ സംഘടിത ആക്രമണം ശക്തമായെന്നും പിണറായി ആരോപിച്ചു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ യുഡിഎഫും ബിജെപിയും സംസ്ഥാനതലത്തിൽ ഏകോപനം നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.