പ്രിയദർശിനി പദ്ധതിയെക്കുറിച്ചുള്ള പരാമർശം: ഖേദം പ്രകടിപ്പിച്ച് ഗതാഗതമന്ത്രി സി.പി. ജോൺ

പ്രിയദർശിനി പദ്ധതിയെക്കുറിച്ചുള്ള പരാമർശം: ഖേദം പ്രകടിപ്പിച്ച് ഗതാഗതമന്ത്രി സി.പി. ജോൺ

തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉപയോഗിക്കുന്ന സ്ത്രീകളെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗതമന്ത്രി സി.പി. ജോൺ. സ്ത്രീകളെക്കുറിച്ചുള്ള ആ പരാമർശം നടത്താൻ പാടില്ലായിരുന്നുവെന്നും ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാനുള്ള ഉദ്ദേശ്യമില്ലായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

“ഇതിൽ എനിക്ക് ഈഗോ ഇല്ല. സംസാരിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കേണ്ടതായിരുന്നു. പ്രിയദർശിനി സർക്കാർ ഏറെ പ്രാധാന്യം നൽകുന്ന പദ്ധതിയാണ്. അത് കൂടുതൽ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകും. കേരളത്തിൽ ദാരിദ്ര്യം ഇപ്പോഴും യാഥാർഥ്യമാണ്. അതിന്റെ ഭാരം കുറയ്ക്കാനാണ് പ്രിയദർശിനി പോലുള്ള പദ്ധതികൾ നടപ്പാക്കുന്നത്,” എന്നും അദ്ദേഹം പറഞ്ഞു.

വൻതുക ഫീസ് നൽകി മക്കളെ പഠിപ്പിക്കുന്നവരും സൗജന്യ യാത്രയ്ക്കായി ബസിൽ തിരക്കിട്ട് കയറുന്നുവെന്ന മന്ത്രിയുടെ മുൻപരാമർശമാണ് വലിയ വിവാദത്തിന് വഴിവെച്ചത്. ഈ പ്രസ്താവന കേരളത്തിലെ സ്ത്രീകളെ ഒന്നടങ്കം അപമാനിക്കുന്നതാണെന്ന് ആരോപിച്ച് പ്രതിപക്ഷം ശക്തമായി രംഗത്തെത്തുകയും, മന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.