തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ള എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഓറഞ്ച് അലർട്ടാണ് നിലവിലുള്ളത്.
ഈ മാസം ഏഴ് വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. മഴയുടെ തീവ്രത വീണ്ടും വർധിച്ചതോടെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ടും മണ്ണിടിച്ചിലും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
പമ്പാനദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലും സമീപപ്രദേശങ്ങളിലുമുള്ള താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. റാന്നിയിലെ ജനവാസ മേഖലകളിലും വീണ്ടും വെള്ളം കയറിത്തുടങ്ങിയതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.
അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.