നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച പ്രക്ഷോഭം; ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്പോരും മുദ്രാവാക്യവിളിയും

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച പ്രക്ഷോഭം; ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്പോരും മുദ്രാവാക്യവിളിയും

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിഷയത്തിൽ പാർലമെന്റിന് പുറത്ത് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്പോരും മുദ്രാവാക്യവിളിയും ശക്തമായി. പാർലമെന്റ് കവാടത്തിൽ ഇരു മുന്നണികളിലെ എംപിമാരും നേർക്കുനേർ പ്രതിഷേധിച്ചതോടെ സംഘർഷാവസ്ഥ രൂപപ്പെട്ടു. എംപിമാർക്കിടയിൽ ഉന്തുംതള്ളും ഉണ്ടായെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജിയില്ലാതെ വിഷയത്തിൽ ചർച്ചയ്ക്ക് പ്രസക്തിയില്ലെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ പറഞ്ഞു. ചോദ്യപ്പേപ്പർ ചോർച്ച തടയാൻ നേരത്തെ നടപടിയെടുക്കാതിരുന്ന സർക്കാർ ഇപ്പോഴാണോ ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കാൻ ആലോചിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയും പ്രതിഷേധത്തിൽ പങ്കെടുത്തു.

അതേസമയം, നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തിൽ ആദ്യമായി പ്രതികരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, പരീക്ഷാ പേപ്പർ ചോർച്ച കേസുകൾ വേഗത്തിൽ പരിഗണിക്കാൻ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് അറിയിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും യുവജനങ്ങളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്സിലൂടെ വ്യക്തമാക്കി.