കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യക്കേസിലെ പ്രതി ഡോ. എം.കെ. റാമിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി ഹൈക്കോടതി വിമർശിച്ചു. പ്രതിയെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടന്നതെന്ന തരത്തിൽ ജസ്റ്റിസ് എ. ബദറുദ്ദീൻ കടുത്ത പരാമർശവും നടത്തി.
കേസിൽ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. വെള്ളിയാഴ്ചയ്ക്കകം മറുപടി സമർപ്പിക്കണമെന്നാണ് നിർദേശം. മൂന്ന് മാസത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും നിയമാനുസൃത നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന കണ്ടെത്തലിനെ തുടർന്ന് കോടതി നേരത്തെ വിട്ടയച്ചിരുന്നു. ഇതേ തുടർന്നാണ് പോലീസിന്റെ നടപടിക്കെതിരെ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്.
ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിക്കുന്നതെന്നും, അറസ്റ്റിന്റെ കാരണം പ്രതിയെ അറിയിക്കണമെന്ന അടിസ്ഥാന നിയമനടപടി പോലും പാലിക്കാത്തത് ഗൗരവമുള്ള വീഴ്ചയാണെന്നും കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റ് നിയമപരമായി നിലനിൽക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ ഉദ്യോഗസ്ഥന് അറിയാമായിരുന്നിട്ടും അവ പാലിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു.
കേസിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടെന്ന സംശയവും കോടതി രേഖപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് മാറ്റണമെന്നും, ഉന്നത പോലീസ് ഉദ്യോഗസ്ഥരും പ്രതിയുടെ അഭിഭാഷകനും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സർക്കാർ ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.