ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യഘട്ട ഫലസൂചനകൾ ഡിഎംകെയ്‌ക്ക് അനുകൂലമാണ്. 35 സീറ്റുകളിൽ ഡിഎംകെ മുന്നിലാണ്. എന്നാൽ, ആദ്യഘട്ട സൂചനകൾ വരുമ്പോൾ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പിന്നിലാണ്. കൊളത്തൂർ മണ്ഡലത്തിൽ തമിഴക വെട്രി കഴകം സ്ഥാനാർത്ഥി വി എസ് ബാബുവാണ് മുന്നിൽ. 21 സീറ്റുകളിൽ എഡിഎംകെ ലീഡ് ചെയ്യുന്നുണ്ട്. മാത്രമല്ല, സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനും പിന്നിലാണ്. ചെപ്പോക്ക് – ട്രിപ്ലിക്കെയ്ൻ മണ്ഡലത്തിൽ എഡിഎംകെ സ്ഥാനാർത്ഥിയാണ് മുന്നിൽ. നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം എട്ട് സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്നുണ്ട്.
രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലായി നടന്ന വോട്ടെടുപ്പിൽ 85.1 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഡിഎംകെ സഖ്യം തുടർഭരണം നേടുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ആകെ 4,023 സ്ഥാനാർത്ഥികളാണ് ഇത്തവണ തമിഴ്‌നാട്ടിൽ മത്സരിച്ചത്.
ഏപ്രിൽ 23ന് നടന്ന വോട്ടെടുപ്പിൽ 5.73 കോടി ജനങ്ങൾ വോട്ടിട്ടി.അതേസമയം, ബംഗാളിൽ പോസ്റ്റൽ വോട്ട് എണ്ണിത്തീർന്നപ്പോൾ തൃണമൂൽ കോൺഗ്രസ് ആയിരുന്നു മുന്നിൽ. എന്നാൽ, ഇവിഎം എണ്ണിത്തുടങ്ങിയപ്പോൾ തൃണമൂലും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. മമത ബാനർജിയുടെ ഭവാനിപ്പൂരിൽ ബിജെപിയുടെ സുവേന്ദു അധികാരിയാണ് മുന്നിൽ. അസാമിൽ ബിജെപിക്കും പുതുച്ചേരിയിൽ എൻആർസി സഖ്യവും ലീഡ് ചെയ്യുന്നു.

Leave feedback about this