ഒരു വോട്ടിന്റെ ഭൂരിപക്ഷം, വോട്ടുമാറിയെന്ന് പരാതി; ടി.വി.കെ എം.എൽ.എക്ക് സഭാ നടപടികളിൽ വിലക്ക്

ഒരു വോട്ടിന്റെ ഭൂരിപക്ഷം, വോട്ടുമാറിയെന്ന് പരാതി; ടി.വി.കെ എം.എൽ.എക്ക് സഭാ നടപടികളിൽ വിലക്ക്

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിൽ നിന്നും ടി.വി.കെ എം.എൽ.എ ശ്രീനിവാസ സേതുപതിയെ മദ്രാസ് ഹൈകോടതി തടഞ്ഞു. തിരുപ്പത്തൂർ മണ്ഡലത്തിൽ നിന്നുള്ള ഇദ്ദേഹത്തിന്റെ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലുള്ള വിജയത്തെ ചോദ്യം ചെയ്ത് ഡി.എം.കെ സ്ഥാനാർഥി ആർ. പെരിയകറുപ്പൻ നൽകിയ ഹരജിയിലാണ് കോടതിയുടെ നിർണ്ണായകമായ ഇടക്കാല ഉത്തരവ്.

നടൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ സഭയിൽ ഭൂരിപക്ഷം തെളിയിക്കാനിരിക്കെയാണ് കോടതി നടപടി. ജസ്റ്റിസ് എൽ. വിക്ടോറിയ ഗൗരി, ജസ്റ്റിസ് എൻ. സെന്തിൽകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ശിവഗംഗ ജില്ലയിലെ 185-ാം നമ്പർ തിരുപ്പത്തൂർ മണ്ഡലത്തിൽ തനിക്ക് ലഭിക്കേണ്ടിയിരുന്ന ഒരു തപാൽ വോട്ട് പേരുസാമ്യമുള്ള തിരുപ്പത്തൂർ ജില്ലയിലെ 50-ാം നമ്പർ മണ്ഡലത്തിലേക്ക് മാറി അയച്ചുവെന്നാണ് മുൻ മന്ത്രി കൂടിയായ പെരിയകറുപ്പന്റെ ആരോപണം. ഈ ഒരു വോട്ടിന്റെ വ്യത്യാസത്തിലാണ് താൻ പരാജയപ്പെട്ടതെന്നും പെരിയകറുപ്പൻ വാദിച്ചു.