തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ 662 പേരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ജൂലൈ 8 മുതൽ 13 വരെ പൊലീസ് നടത്തിയ ‘ഡ്രൈവ് സോബർ, സ്റ്റേ അലൈവ്’ പ്രത്യേക പരിശോധനയിലാണ് ഇത്രയും പേരെ കണ്ടെത്തിയത്.
റോഡ് അപകടങ്ങളും അപകടമരണങ്ങളും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സംസ്ഥാനവ്യാപകമായി പ്രത്യേക പരിശോധന സംഘടിപ്പിച്ചത്. ഈ കാലയളവിൽ 67,979 വാഹനങ്ങൾ പരിശോധിച്ചപ്പോൾ വിവിധ ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 2,936 പേർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തു.
ട്രാഫിക് സോണൽ പൊലീസ് സൂപ്രണ്ടുമാരുടെ മേൽനോട്ടത്തിൽ ജില്ലാ ട്രാഫിക് നോഡൽ ഓഫീസർമാരും ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റുകളും ചേർന്നാണ് പരിശോധന നടത്തിയത്. മദ്യപിച്ച് വാഹനമോടിച്ചതായി കണ്ടെത്തിയ 662 പേരുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പിന് കൈമാറും.
അഞ്ച് ദിവസത്തിനിടെ ഇത്രയും നിയമലംഘകരെ കണ്ടെത്താനായ സാഹചര്യത്തിൽ വരും ദിവസങ്ങളിലും സമാന പരിശോധനകൾ കൂടുതൽ ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ ഹൈവേ പട്രോളിംഗ് വിഭാഗത്തിനും പരിശോധന കർശനമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ട്രാഫിക് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ റോഡ് സുരക്ഷാ പദ്ധതിയായ ‘ശുഭയാത്ര’ വാട്‌സ്ആപ്പ് നമ്പർ വഴി പൊതുജനങ്ങൾക്ക് വിവരം കൈമാറാനുമുള്ള സൗകര്യവും പൊലീസ് ഒരുക്കിയിട്ടുണ്ട്.