വയനാട് മേപ്പാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ ; തൊഴിലാളികൾ കുടുങ്ങിയതായി റിപ്പോർട്ട്; രക്ഷാപ്രവർത്തനം തുടരുന്നു

വയനാട് മേപ്പാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ ;  തൊഴിലാളികൾ കുടുങ്ങിയതായി റിപ്പോർട്ട്; രക്ഷാപ്രവർത്തനം തുടരുന്നു

മേപ്പാടി: വയനാട് മേപ്പാടിയിൽ മണ്ണിടിച്ചിൽ. നിരവധി ആളുകൾ കുടുങ്ങിയതായി‌‌ റിപ്പോർട്ട്. ഒരാളെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രിയും ഇന്ന പകലുമായി കനത്ത മഴയാണ് രേഖപ്പെടുത്തിയത്. കൂടുതൽ ആളുകൾ കുടുങ്ങി കിടക്കുന്നതായിട്ടാണ് സൂചന. തുരങ്ക പാത നിർമ്മാണ മേഖലയ്ക്ക് സമീപം മീനാക്ഷിപാലത്തിന് അടുത്തായിട്ടാണ് മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്യുന്നത്. കൂടുതൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല. അഞ്ച് പേരെ രക്ഷപ്പെടുത്തിയതായിട്ടാണ് ആദ്യ സൂചനകൾ പുറത്തുവരുന്നത്.

നാട്ടുകാരും അ​ഗ്നിശമന സേനയും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്. ദ്രുതകർമ്മ സേനയടക്കം ഉടൻ തന്നെ അപകടസ്ഥലത്തേക്ക് എത്തിച്ചേരും. സംസ്ഥാന മന്ത്രിമാർ സ്ഥലത്തേക്ക് എത്തിച്ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയടക്കം രക്ഷാപ്രവർത്തനങ്ങൾക്കുള്ള ഏകോപനം തുടങ്ങി. ഉടൻ കൺട്രോൾ റൂം തുറക്കും. നിർമ്മാണ തൊഴിലാളികൾ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് പരിശോധിച്ച് വരികയയാണ്.

നിർമ്മാണത്തിന് എത്തിച്ച വാഹനങ്ങളും മണ്ണിനടിയിലാണ്. അപകടമേഖലയിൽ നിരവധി വീടുകളുണ്ട്. ഇവിടേക്ക് മണ്ണിടിഞ്ഞിട്ടില്ലെന്ന് നാട്ടുകാർ പ്രതികരിക്കുന്നു. തുരങ്ക നിർമ്മാണ തൊഴിലാളികളുമായി എത്തിയ ബസാണ് മണ്ണിനടിയിലായത്. മഴ മൂലം തൊഴിലാളികൾ ബസിൽ കയറിയിരുന്നിരുന്നു. തൊഴിലാളികൾ ഉൾപ്പടെ ബസിൽ കുടുങ്ങിയെന്നാണ് സൂചന. ഈ മേഖലയിലെ വാ​ഹന​ഗതാ​ഗതം താറുമാറായിട്ടുണ്ട്.