സമരവിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും വിദ്യാർത്ഥികൾക്ക്: കെ.സി വേണു​ഗോപാൽ

സമരവിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും വിദ്യാർത്ഥികൾക്ക്: കെ.സി വേണു​ഗോപാൽ

ആലപ്പുഴ: ഡൽഹിയിൽ വിദ്യാർത്ഥികൾ നടത്തിയ സമരവിജയത്തിന്റെ ക്രെഡിറ്റ് കോൺഗ്രസിന് അവകാശപ്പെട്ടതല്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. ജന്തർമന്തർ സമരത്തിന്റെ ആദ്യഘട്ടം മുതൽ പരസ്യമായി രംഗത്തുവന്നിരുന്നെങ്കിൽ സർക്കാരിനെ അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് ബിജെപി പ്രചരിപ്പിക്കുമായിരുന്നു. അതിനാൽ സമരവിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും വിദ്യാർത്ഥികൾക്ക് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

സമരകാലയളവിൽ വിദ്യാർത്ഥികൾക്ക് നിയമസഹായം ഉൾപ്പെടെയുള്ള എല്ലാവിധ പിന്തുണയും കോൺഗ്രസ് നൽകിയിരുന്നുവെന്നും കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി. കോൺഗ്രസ് നൽകിയ പിന്തുണയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് പൂർണ്ണ ബോധ്യമുണ്ട്. സിജെപി മുന്നേറ്റത്തിൽ യാതൊരുവിധ ആശങ്കയുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. സർക്കാരിനെതിരെയുള്ള എല്ലാ പ്രതിപക്ഷ മുന്നേറ്റങ്ങളെയും കോൺഗ്രസ് എക്കാലത്തും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, ഉന്നയിക്കുന്ന വിഷയങ്ങളിൽ ആത്മാർത്ഥതയുണ്ടാകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വരാനിരിക്കുന്ന ബില്ലിനുള്ള പിന്തുണയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ തിങ്കളാഴ്ച പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേരുമെന്നും അതിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന തരത്തിലുള്ള ഏത് നീക്കങ്ങളെയും ശക്തമായി എതിർക്കുമെന്നും കെ.സി. വേണുഗോപാൽ മുന്നറിയിപ്പ് നൽകി.