കള്ളാടി മണ്ണിടിച്ചില്‍ നടന്നത് തുരങ്കമുഖത്തല്ല; മണ്ണ് കൂട്ടിയിട്ടത് അപകട കാരണമമായിട്ടില്ലെന്ന് കൊങ്കൺ റെയിൽവേ

കള്ളാടി മണ്ണിടിച്ചില്‍ നടന്നത് തുരങ്കമുഖത്തല്ല; മണ്ണ് കൂട്ടിയിട്ടത് അപകട കാരണമമായിട്ടില്ലെന്ന് കൊങ്കൺ റെയിൽവേ

വയനാട് കള്ളാടി മണ്ണിടിച്ചിൽ: സർക്കാർ വാദം തള്ളി കൊങ്കൺ റെയിൽവേ; രക്ഷാപ്രവർത്തനം നാലാം ദിവസവും

കൽപ്പറ്റ: വയനാട് കള്ളാടിയിൽ നടന്ന മണ്ണിടിച്ചിലിന് തുരങ്കനിർമാണമോ തുരങ്കമുഖത്ത് മണ്ണ് കൂട്ടിയിട്ടതോ കാരണമല്ലെന്ന് കൊങ്കൺ റെയിൽവേ വ്യക്തമാക്കി. മണ്ണിടിച്ചിൽ നടന്നത് തുരങ്കമുഖത്തിൽ നിന്ന് ഏകദേശം 100 മീറ്റർ അകലെയാണെന്നും നിർമാണത്തിൽ യാതൊരു പിഴവും ഉണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

കൊങ്കൺ റെയിൽവേയുടെ വിശദീകരണപ്രകാരം, ദുരന്തത്തിന് വഴിവെച്ചത് സ്വാഭാവിക മലയിടിച്ചിലാണ്. തുരങ്ക നിർമാണത്തിനായുള്ള മണ്ണെടുപ്പും രൂപകൽപ്പനയും ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തിയതെന്നും, ‘കട്ട് ആൻഡ് കവർ’ മേഖലയിലെ നിർമാണഭാഗങ്ങൾക്ക് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നും വ്യക്തമാക്കി. ഏകദേശം 110 മീറ്റർ ഉയരത്തിലുള്ള പ്രദേശത്താണ് മണ്ണിടിച്ചിൽ ഉണ്ടായതെന്നും അവർ പറഞ്ഞു.
മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടതും നിർമാണത്തിലെ വീഴ്ചകളുമാണ് അപകടത്തിന് കാരണമായതെന്ന സംസ്ഥാന സർക്കാരിന്റെ പ്രാഥമിക വിലയിരുത്തലിനെയാണ് കൊങ്കൺ റെയിൽവേ തള്ളിക്കളഞ്ഞിരിക്കുന്നത്.

അതേസമയം, ദുരന്തത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ നാലാം ദിവസവും തുടരുകയാണ്. ഇന്നലെ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ മരണസംഖ്യ ആറായി ഉയർന്നു. ഇനി രണ്ട് പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് അധികൃതരുടെ വിവരം.
എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാസേന, പൊലീസ് എന്നിവയുടെ നേതൃത്വത്തിൽ ഇന്ന് സോൺ-1, സോൺ-3 മേഖലകളിൽ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തുന്നത്.

ഇതിനിടെ, കരാർ കമ്പനി സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ചതാണ് ദുരന്തത്തിന്റെ തീവ്രത വർധിപ്പിച്ചതെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഈ വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.