ന്യൂഡൽഹി: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ദി ഹേഗിലെ അന്താരാഷ്ട്ര ആർബിട്രേഷൻ കോടതി പുറപ്പെടുവിച്ച വിധി ഇന്ത്യ തള്ളി. വിധിന്യായം പുറപ്പെടുവിക്കാൻ കോടതിക്ക് യാതൊരു നിയമപരമായ അധികാരവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആർബിട്രേഷൻ കോടതിയുടെ രൂപീകരണം തന്നെ അനധികൃതമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെച്ച ഇന്ത്യയുടെ തീരുമാനം മാറ്റമില്ലാതെ തുടരുമെന്നും സർക്കാർ അറിയിച്ചു.
കഴിഞ്ഞ വർഷം ഏപ്രിലിൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ചത്. എന്നാൽ കരാർ ഏകപക്ഷീയമായി റദ്ദാക്കാനോ നിർത്തിവെക്കാനോ ഇന്ത്യയ്ക്ക് നിയമപരമായ അവകാശമില്ലെന്നും കരാർ പൂർണമായി നിലനിൽക്കുമെന്നുമായിരുന്നു ആർബിട്രേഷൻ കോടതിയുടെ നിലപാട്.
ഇതിന് പുറമേ, ജമ്മു കശ്മീരിലെ രത്‌ലെ ജലവൈദ്യുത പദ്ധതിയുടെ നിർമാണവുമായി ബന്ധപ്പെട്ടും കോടതി ചില നിയന്ത്രണങ്ങൾ നിർദേശിച്ചിരുന്നു.