ക്ഷേത്രോത്സവത്തിനിടെ പോത്തിനെ ബലി നൽകിയ സംഭവം; കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്

ക്ഷേത്രോത്സവത്തിനിടെ പോത്തിനെ ബലി നൽകിയ സംഭവം; കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്

ഹൈദരാബാദ്: ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പോത്തിനെ ബലി നൽകിയ സംഭവത്തിൽ തെലങ്കാന പൊലീസ് കേസെടുത്തു. മുതിർന്ന കോൺഗ്രസ് നേതാവ് നീലം മധു മുദിരാജിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഗറെഡ്ഡി ജില്ലയിലെ ചിത്കുൾ ഗ്രാമത്തിൽ ഓഗസ്റ്റ് അഞ്ചിനാണ് സംഭവം നടന്നത്.

ഗ്രാമത്തിലെ ബോണാലു ഉത്സവാഘോഷത്തിനിടെയായിരുന്നു മൃഗബലി നടന്നത്. ഉത്സവ ഘോഷയാത്രയ്ക്ക് ശേഷം പ്രദേശത്തെ പ്രതിഷ്ഠയ്ക്ക് മുന്നിൽ പോത്തിനെ ബലി നൽകിയെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഉത്സവത്തിന്റെ ഭാഗമായി പോത്തിനെ ഘോഷയാത്രയായി കൊണ്ടുപോയ ശേഷം ദേവതകൾക്ക് മുന്നിൽ ബലി അർപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവുകൾ ചൂണ്ടിക്കാട്ടി മൃഗസംരക്ഷണ പ്രവർത്തകനായ അദുലാപുരം ഗൗതം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ച ദൃശ്യങ്ങളും പരാതിക്കൊപ്പം പൊലീസ് തെളിവായി പരിഗണിച്ചിട്ടുണ്ട്. സംഭവം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.