;

കേരളത്തിൽ നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ മുന്നറിയിപ്പിന്റെ ഭാഗമായി വെള്ളിയാഴ്ച (ഒക്ടോബർ 23) ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. തിങ്കളാഴ്ച (ഒക്ടോബർ 26) വരെ മഴ തുടരുമെന്നാണ് പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

ജില്ലകളിലെ മഴ മുന്നറിയിപ്പ്

വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

ശനിയാഴ്ച (ഒക്ടോബർ 24) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഞായറാഴ്ച (ഒക്ടോബർ 25) പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും യെല്ലോ അലർട്ടാണ്. തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

മത്സ്യബന്ധനത്തിന് വിലക്ക്

കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ ഒക്ടോബർ 25 വരെയും കർണാടക തീരത്ത് ഒക്ടോബർ 23 മുതൽ 25 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഈ ദിവസങ്ങളിൽ കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കർണാടക തീരത്തും സമാനമായ കാലാവസ്ഥാ സാഹചര്യം പ്രതീക്ഷിക്കുന്നുണ്ട്.

തിരുവനന്തപുരത്ത് കടലാക്രമണ മുന്നറിയിപ്പ്

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരങ്ങളിൽ വെള്ളിയാഴ്ച രാവിലെ 11.30 മുതൽ ശനിയാഴ്ച രാത്രി 11.30 വരെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. 0.8 മുതൽ 1.4 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്.

മഴയും ശക്തമായ കാറ്റും കടലാക്രമണ സാധ്യതയും കണക്കിലെടുത്ത് പൊതുജനങ്ങളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

;