തൃശൂർ: സ്വപ്നങ്ങൾ അതിരുകളില്ലാത്തതാണെന്ന് തെളിയിക്കുകയാണ് തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയായ യുവസംരംഭകൻ യാദിൽ എം. ഇക്ബാൽ
മെസ്സിയോടുള്ള അടങ്ങാത്ത ആരാധന മൂത്ത് തന്റെ പുത്തൻ 1.5 കോടി രൂപയുടെ ഡിഫൻഡർ കാറിൽ അർജന്റീനൻ പടയുടെ കൂറ്റൻ ചിത്രം പതിച്ച യാദിലിന്റെ വാർത്തകൾ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. എന്നാൽ ഈ ആരാധനയ്ക്ക് പിന്നിൽ സിനിമയെ വെല്ലുന്ന മനോഹരമായ ഒരു കഥയുണ്ട്.
തുടക്കം 9വർഷങ്ങൾക്ക് മുൻപ്
21-ാം വയസിൽ
കൊടുങ്ങല്ലൂരിൽ ആരംഭിച്ച ഒരു ചെറിയ റെസ്റ്റോറന്റിൽ നിന്നാണ് യാദിൽ എന്ന സംരംഭകന്റെ തുടങ്ങുന്നത്. കഠിനാധ്വാനം കൊണ്ട് ബിസിനസ്സ് വിജയകരമായി മുന്നോട്ട് കൊണ്ടുപോകുമ്പോഴും ഫുട്ബോളിനോടും ലിയോണൽ മെസ്സിയോടുള്ള കമ്പം യാദിൽ നെഞ്ചിലേറ്റിയിരുന്നു. ഈ ആരാധനയുടെ ഭാഗമായി തന്റെ ഹോട്ടലിന്റെ മുറ്റത്ത് മെസ്സിയുടെ ഒരു കൂറ്റൻ കട്ടൗട്ടും ചിത്രവും യാദിൽ സ്ഥാപിച്ചു. ഇതാണ് യാദിലിന്റെ ജീവിതത്തിൽ ഒരു വലിയ വഴിത്തിരിവായത്.

ഇൻസ്റ്റഗ്രാമിൽ തുടങ്ങിയ സൗഹൃദം; ശ്രദ്ധയിൽപ്പെട്ട് മെസ്സിയുടെ ബോഡിഗാർഡ്!
ഹോട്ടൽ മുറ്റത്തെ മെസ്സിയുടെ കൂറ്റൻ ചിത്രം സോഷ്യൽ മീഡിയയിലൂടെ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു. ഒടുവിൽ അത് ചെന്നെത്തിയത് സാക്ഷാൽ ലിയോണൽ മെസ്സിയുടെ വിശ്വസ്തനായ പ്രധാന അംഗരക്ഷകൻ യാസിൻ ചുക്കോയുടെ (Yassine Chueko) കണ്ണുകളിലാണ്. യാദിലിന്റെ കടുത്ത ആരാധന കണ്ട് ഇഷ്ടപ്പെട്ട യാസിൻ ഇൻസ്റ്റഗ്രാമിലൂടെ യാദിലുമായി ബന്ധപ്പെടാൻ തുടങ്ങി. മെസ്സിയുടെ ബോഡിഗാർഡും മലയാളിയായ ഈ യുവസംരംഭകനും തമ്മിലുള്ള സൗഹൃദം അവിടെ ആരംഭിക്കുകയായിരുന്നു.

മിയാമിയിലേക്ക് പറന്ന് യാദിൽ; പരിക്കേറ്റ് മെസ്സി മടങ്ങി, എങ്കിലും യാസിനെ കണ്ട് ഫോട്ടോയെടുത്തു
ഇക്കഴിഞ്ഞ ദിവസം അമേരിക്കയിലെ മിയാമിയിൽ നടന്ന ഇൻ്റർ മിയാമിയുടെ മത്സരം നേരിട്ട് കാണാൻ യാദിലിന് അവസരം ലഭിച്ചു. കളി കാണാൻ ഗ്യാലറിയിൽ എത്തിയെങ്കിലും ആ മത്സരത്തിനിടയിൽ നിർഭാഗ്യവശാൽ മെസ്സിക്ക് പരിക്കേറ്റിരുന്നു. അതുകൊണ്ടുതന്നെ അന്ന് സാക്ഷാൽ മെസ്സിയെ നേരിട്ട് കാണാൻ യാദിലിന് കഴിഞ്ഞില്ല.
എന്നാൽ ഗ്രൗണ്ടിൽ വെച്ച് മെസ്സിയുടെ നിഴലായി കൂടെയുള്ള തന്റെ ഇൻസ്റ്റഗ്രാം കൂട്ടുകാരൻ യാസിൻ ചുക്കോയെ യാദിൽ നേരിൽ കണ്ടു. വിഐപി പരിഗണനയോടെ മെസ്സിയുടെ പ്രധാന ബോഡിഗാർഡിനൊപ്പം ചേർന്നുനിന്ന് ഫോട്ടോയെടുക്കാനും അദ്ദേഹത്തോട് സംസാരിക്കാനും യാദിലിന് സാധിച്ചു.

ലക്ഷ്യം ഒന്നുമാത്രം: ആ ഇതിഹാസത്തെ കെട്ടിപ്പിടിക്കണം!
അമേരിക്കൻ യാത്രയ്ക്ക് ശേഷം നാട്ടിലെത്തിയ യാദിൽ തന്റെ സ്വപ്നവാഹനമായ ലാൻഡ് റോവർ ഡിഫൻഡർ സ്വന്തമാക്കിയപ്പോഴും മെസ്സിയെ മറന്നില്ല. 1.5 കോടിയുടെ വണ്ടിയിൽ മെസ്സിയുടെയും ടീമംഗങ്ങളുടെയും കൂറ്റൻ ചിത്രങ്ങളാണ് യാദിൽ സ്റ്റിക്കർ ചെയ്തത്.
“എന്റെ ബിസിനസ്സും അധ്വാനവും പോലെത്തന്നെയാണ് എനിക്ക് മെസ്സിയോടുള്ള ആരാധനയും. അന്ന് കളി കാണാൻ പോയപ്പോൾ മെസ്സിക്ക് പരിക്കേറ്റതുകൊണ്ട് അദ്ദേഹത്തെ നേരിൽ കാണാൻ പറ്റിയില്ല. എങ്കിലും അദ്ദേഹത്തിന്റെ ബോഡിഗാർഡ് യാസിനെ കാണാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണ്. ഇനി ഒരൊറ്റ ആഗ്രഹം കൂടിയേ ബാക്കിയുള്ളൂ… സാക്ഷാൽ ലിയോണൽ മെസ്സിയെ നേരിട്ട് കണ്ട് നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിച്ച് ഒരു ഫോട്ടോ എടുക്കണം. ആ സ്വപ്നത്തിലേക്ക് ഞാൻ ഉടൻ തന്നെ എത്തിച്ചേരുമെന്നാണ് വിശ്വാസം,” യാദിൽ ആത്മവിശ്വാസത്തോടെ പറയുന്നു.
കൊടുങ്ങല്ലൂരിലെ ഹോട്ടൽ മുറ്റത്ത് നിന്നും തുടങ്ങി മിയാമിയിലെ സ്റ്റേഡിയം വരെ നീളുന്ന യാദിലിന്റെ ഈ ഫാൻ ബോയ് നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.മെസ്സി ആരാധന മാത്രമല്ല, ബിസിനസ്സിലും ‘മാസ്സ്’; കൊടുങ്ങല്ലൂരിന്റെ യാദിലിനെ വിജയവഴിയിലെത്തിച്ച അപൂർവ്വ ബിസിനസ്സ് തന്ത്രങ്ങൾ!

ഒരു സാധാരണ ഹോട്ടലിൽ നിന്ന് തുടങ്ങി ഇന്ന് കേരളത്തിലെമ്പാടും ചർച്ച ചെയ്യപ്പെടുന്ന ഒരു വലിയ ബ്രാൻഡായി മാറിയതിന് പിന്നിൽ യാദിൽ എന്ന യുവസംരംഭകന്റെ കൃത്യമായ ബിസിനസ്സ് തന്ത്രങ്ങളും വിപ്ലവകരമായ മാർക്കറ്റിംഗ് ആശയങ്ങളുമുണ്ട്. കൊടുങ്ങല്ലൂരിൽ തുടങ്ങി ഇന്ന് ഇരിങ്ങാലക്കുട, ചാവക്കാട്, തൃപ്രയാർ, പുന്നൈ എന്നിവിടങ്ങളിലേക്ക് ബ്രാഞ്ചുകൾ വ്യാപിപ്പിച്ച യാദിലിന്റെ വിജയരഹസ്യങ്ങൾ
കോപ്പ അമേരിക്കയും 120 പേർക്ക് ഫ്രീ മന്തിയും!
യാദിലിന്റെ ആരാധന വെറുമൊരു കാർ സ്റ്റിക്കറിലോ സോഷ്യൽ മീഡിയ പോസ്റ്റിലോ ഒതുങ്ങുന്നതല്ല എന്ന് തെളിയിക്കുന്നതായിരുന്നു 2021-ലെ കോപ്പ അമേരിക്ക കാലം. അന്ന് അർജന്റീന ഫൈനലിൽ എത്തിയപ്പോൾ, ചിരവൈരികളായ ബ്രസീലിനെ തോൽപ്പിച്ച് മെസ്സിയും സംഘവും കപ്പ് അടിച്ചാൽ 120 പേർക്ക് സൌജന്യമായി മന്തി നൽകുമെന്ന് യാദിൽ പ്രഖ്യാപിച്ചിരുന്നു. ഫൈനലിൽ ബ്രസീലിനെ തകർത്ത് അർജന്റീന കിരീടം ചൂടിയതോടെ, പറഞ്ഞ വാക്ക് പാലിച്ച് 120 പേർക്ക് മന്തി വിതരണം ചെയ്ത് യാദിൽ നാട്ടിലെ സ്റ്റാറായി മാറി.