ടിഎംസി എംപി മഹുവ മൊയ്ത്രയ്ക്ക് നേരെ മുട്ടയേറ്; ബി.ജെ.പിക്കെതിരെ ആരോപണം

ടിഎംസി എംപി മഹുവ മൊയ്ത്രയ്ക്ക് നേരെ മുട്ടയേറ്; ബി.ജെ.പിക്കെതിരെ ആരോപണം

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എം.പിയായ മഹുവ മൊയ്ത്രയ്ക്ക് നേരെ പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ ലോക്‌സഭാ മണ്ഡലത്തിൽ മുട്ടയേറ് നടന്നതായി റിപ്പോർട്ട്. ഒരു റെസ്റ്റോറന്റിൽ പാർട്ടി നേതാക്കളും പ്രവർത്തകരും ഒപ്പമിരിക്കെയായിരുന്നു സംഭവം.

സംഭവത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് മഹുവ മൊയ്ത്ര ആരോപിച്ചു. റെസ്റ്റോറന്റിന് പുറത്തുകൂടിയ ഒരു സംഘം ജനൽച്ചില്ലുകൾക്ക് നേരെ മുട്ടയെറിയുന്ന ദൃശ്യങ്ങൾ അവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. സംഭവസമയത്ത് താനും പാർട്ടി പ്രവർത്തകരും റെസ്റ്റോറന്റിനുള്ളിലായിരുന്നുവെന്നും പൊലീസ് ഫലപ്രദമായി ഇടപെട്ടില്ലെന്നും മഹുവ ആരോപിച്ചു.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ആക്രമണത്തെ അപലപിച്ച തൃണമൂൽ കോൺഗ്രസ് നേതൃത്വം, ഇതിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് ആരോപിച്ചു.

അതേസമയം, തൃണമൂൽ കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങളോട് ബിജെപി ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുകയാണ്.