;

മലപ്പുറത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു; ഒരാഴ്ചയ്ക്കിടെ 13 പേർക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു; ഒരാഴ്ചയ്ക്കിടെ 13 പേർക്ക് രോഗം സ്ഥിരീകരിച്ചു

വൈറൽ പനിയും വർധിക്കുന്നു; ഏഴു ദിവസത്തിനിടെ 10,010 പേർ ചികിത്സ തേടി

മലപ്പുറം: ജില്ലയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ. ഒരാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 85 പേർ ചികിത്സ തേടിയപ്പോൾ 13 പേർക്ക് രോഗം സ്ഥിരീകരിച്ചു. എ.ആർ. നഗർ, പുറത്തൂർ, തൃക്കലങ്ങോട്, മങ്കട, കാവന്നൂർ, ചേലേമ്പ്ര, പരപ്പനങ്ങാടി, വെട്ടക്കോട്, കരുവാരക്കുണ്ട്, മുതുവല്ലൂർ, കാളികാവ് എന്നിവിടങ്ങളിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.

മഴയും വെയിലും ഇടകലർന്ന കാലാവസ്ഥ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ പ്രജനനത്തിന് അനുകൂല സാഹചര്യമൊരുക്കുന്നതായാണ് വിലയിരുത്തൽ. രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.

വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള പാത്രങ്ങൾ, ടയറുകൾ, ചിരട്ടകൾ തുടങ്ങിയവ നീക്കം ചെയ്യണമെന്നും കൊതുകുകളുടെ പ്രജനനം തടയാൻ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. പനി, തലവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ ആരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടണമെന്നും അധികൃതർ അറിയിച്ചു.

അതിനിടെ ജില്ലയിൽ വൈറൽ പനി ബാധിതരുടെ എണ്ണത്തിലും വർധനയുണ്ട്. ഒക്ടോബർ 31 മുതൽ നവംബർ ആറ് വരെയുള്ള ഏഴു ദിവസത്തിനിടെ 10,010 പേരാണ് പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ഒ.പി ചികിത്സ തേടിയത്. ഡെങ്കിപ്പനിക്കൊപ്പം വൈറൽ പനിയും വർധിക്കുന്നത് ആരോഗ്യവകുപ്പിന് ആശങ്കയാകുകയാണ്.

;