ചേർത്തല തിരോധാന കേസുകളിൽ നേരറിയാൻ അന്വേഷണ സം​ഘം; ഒന്നും ഉരിയാടാതെ സെബാസ്റ്റ്യൻ; ഭാര്യയെയും ചോദ്യം ചെയ്യും

ചേർത്തല തിരോധാന കേസുകളിൽ നേരറിയാൻ അന്വേഷണ സം​ഘം; ഒന്നും ഉരിയാടാതെ സെബാസ്റ്റ്യൻ; ഭാര്യയെയും ചോദ്യം ചെയ്യും

ആലപ്പുഴ: ചേർത്തലയിലെ ദുരൂഹ തിരോധാന കേസുകളിൽ നിർണായക നീക്കവുമായി അന്വേഷണ സംഘം. സെബാസ്റ്റ്യന്റെ ഭാര്യയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്. കോട്ടയം ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്താൻ അന്വേഷണസംഘം ആവശ്യപ്പെട്ടു. പ്രതിയുമായി കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ ഇന്ന് തെളിവെടുപ്പ് നടത്തും.

വീട്ടിലെ പരിശോധനയ്ക്ക് നടുവിലിരുത്തി സമ്മർദ്ദത്തിലൂടെ സെബാസ്റ്റ്യനിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടാനുള്ള ക്രൈം ബ്രാഞ്ച് തന്ത്രവും പരാജയപ്പെട്ടു. ഇന്നലെയും അന്വേഷണത്തോട് സെബാസ്റ്റ്യൻ സഹകരിച്ചില്ല. രണ്ട് ദിവസം കൂടി മാത്രമാണ് കസ്റ്റഡി കാലാവധി അവശേഷിക്കുന്നത്. നിസ്സഹകരണം തുടരുന്ന പശ്ചാത്തലത്തിൽ ഇതിനുള്ളിൽ തെളിവെടുപ്പ് പൂർത്തിയാക്കുക വെല്ലുവിളിയാണ്. ഇന്നലെ പള്ളിപ്പുറത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ 64 അസ്ഥിക്കഷ്ണങ്ങളാണ് കണ്ടെത്തിയത്. ഇവ ഡിഎൻഎ പരിശോധനയ്ക്ക് അയക്കും.

നമ്മ എന്ന സ്ത്രീയുടെ തിരോധന കേസിനെ തുടർന്നുള്ള അന്വേഷണമാണ് സെബാസ്റ്റ്യന്റെ അറസ്റ്റിലേക്ക് നയിക്കുന്നത്. കോട്ടയം സ്വദേശിനിയായ ജയ്‌നമ്മ എന്ന സ്ത്രീയെ കാണാനില്ലെന്നു പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കോട്ടയം ക്രൈം ബ്രാഞ്ച് സെബാസ്റ്റ്യനെ ചോദ്യം ചെയ്യുന്നത്. ഈ ചോദ്യം ചെയ്യലിൽ ജയ്‌നമ്മ കൊല്ലപ്പെട്ടെന്ന് വ്യക്തമാകുന്നു. തൊട്ടുപിന്നാലെ ചേർത്തലയിൽ നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ത്രീ തിരോധാന കേസുകളിൽ സെബാസ്റ്റ്യനെതിരെ ആരോപണം ഉയരുന്നു.