പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീർത്തികരമായ ചിത്രങ്ങളും വീഡിയോകളും; മെറ്റ ഇന്ത്യ മേധാവി അരുൺ ശ്രീനിവാസിനെതിരെ കേസ്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീർത്തികരമായ ചിത്രങ്ങളും വീഡിയോകളും; മെറ്റ ഇന്ത്യ മേധാവി അരുൺ ശ്രീനിവാസിനെതിരെ കേസ്

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചെന്ന പരാതിയിൽ മെറ്റ ഇന്ത്യ മേധാവി അരുൺ ശ്രീനിവാസിനെതിരെ കേസെടുത്ത് ഹൈദരാബാദ് സൈബർ ക്രൈം പൊലീസ്. ഇൻസ്റ്റഗ്രാം, ഫേസ്‌ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ നിരവധി അക്കൗൺണ്ടുകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഡൽഹിയിൽ സിജെപിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കിടെയാണ് പ്രധാനമന്ത്രിക്കെതിരായ പോസ്റ്റുകൾ വ്യാപകമായി പ്രചരിച്ചതെന്നാണ് പരാതി. പ്രധാനമന്ത്രിയെ അപമാനിക്കുന്ന വിധത്തിൽ ചിത്രീകരിച്ച മോർഫ് ചെയ്‌ത ചിത്രങ്ങളും ഡിജിറ്റലായി മാറ്റം വരുത്തിയ വീഡിയോകളും ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിക്കപ്പെട്ടതായി പരാതിക്കാർ പറയുന്നു. 29കാരനായ വ്യവസായി എസ് അരവിന്ദ് റെഡിയും തെലങ്കാന ബിജെപി പ്രവർത്തകനായ ടി സായ്‌കിരൺ ഗൗഡുമാണ് പരാതി നൽകിയത്.

എഐ ഉൾപ്പെടെയുള്ളവ ഉപയോഗിച്ചാണ് ഇത്തരത്തിലുള്ള ഉള്ളടക്കങ്ങൾ തയ്യാറാക്കിയിരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. പോസ്റ്റുകൾക്ക് താഴെവന്ന നിരവധി കമന്റുകളിലും പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശങ്ങൾ ഉണ്ടായിരുന്നെന്ന് പരാതിക്കാർ ആരോപിച്ചു. ഇത്തരം ഉള്ളടക്കങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പൊതുസമാധാനം തകർക്കാനും സമൂഹത്തിൽ വിദ്വേഷം വളർത്താനും ഇടയാക്കുമെന്ന ആശങ്കയും പരാതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

വിദ്യാർത്ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വന്ന പല പോസ്റ്റുകളും അവയിലെ കമന്റുകളും നിലവിൽ അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. അടുത്തിടെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിൽനിന്ന് പങ്കുവച്ച ഒരു വീഡിയോ താൽക്കാലികമായി തടസപ്പെട്ട സംഭവത്തിൽ മെറ്റയ്‌ക്ക് കേന്ദ്രസർക്കാരിന്റെ വിമർശനം നേരിടേണ്ടി വന്നിരുന്നു. തുടർന്ന് പ്രധാനമന്ത്രിയുടെ അക്കൗണ്ടിലെ പോസ്റ്റുകൾക്ക് കൂടുതൽ സുരക്ഷാപരിശോധന ഏർപ്പെടുത്തുമെന്ന് മെറ്റ കേന്ദ്രസർക്കാരിനെ അറിയിച്ചതായാണ് വിവരം.

ഉള്ളടക്ക നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചചെയ്യാൻ മെറ്റ പ്രതിനിധികൾ ഈ ആഴ്‌ച കേന്ദ്രസർക്കാരുമായി കൂടിക്കാഴ്‌ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. വിദ്യാർത്ഥി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിക്കെതിരെ പ്രചരിച്ച അധിക്ഷേപകരമായ പോസ്റ്റുകളും വീഡിയോകളും നീക്കം ചെയ്യാൻ ഡൽഹി പൊലീസ് വിവിധ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നേരത്തെ നിർദേശം നൽകിയിരുന്നു.