പ്രധാനമന്ത്രി മോദിക്കെതിരെ വിദ്വേഷ പ്രസ്താവന; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിക്കെതിരെ കേസ്

പ്രധാനമന്ത്രി മോദിക്കെതിരെ വിദ്വേഷ പ്രസ്താവന; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിക്കെതിരെ കേസ്

കോഴിക്കോട്: സമൂഹമാധ്യമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റ് പങ്കുവെച്ചെന്ന പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കോഴിക്കോട് സൈബർ ക്രൈം പൊലീസാണ് നടപടി സ്വീകരിച്ചത്.

ബിജെപി നേതാവ് നവ്യ ഹരിദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. ഭാരതീയ ന്യായ സംഹിത (BNS) 192, 356(2) വകുപ്പുകൾക്കും കേരള പൊലീസ് ആക്ട് 120(ഒ) വകുപ്പിനും കീഴിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പ്രധാനമന്ത്രിക്കെതിരായ സമൂഹമാധ്യമ പോസ്റ്റിലൂടെ പൊതുസമൂഹത്തിൽ അസ്വസ്ഥതയും കലാപസാധ്യതയും സൃഷ്ടിക്കാൻ ശ്രമിച്ചതായും അദ്ദേഹത്തെ അപമാനിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തതായുമാണ് എഫ്ഐആറിൽ ആരോപിക്കുന്നത്.

സംഭവം വിവാദമായതിനെ തുടർന്ന് ജാൻമണി ദാസ് സമൂഹമാധ്യമത്തിലൂടെ പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു. എന്നാൽ പരാതിയുടെ അടിസ്ഥാനത്തിൽ നിയമനടപടികൾ തുടരുമെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോസ്റ്റിന്റെ ഉള്ളടക്കവും സാഹചര്യങ്ങളും ഉൾപ്പെടെ വിശദമായി പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.