തിരുവനന്തപുരം: സംസ്ഥാനത്ത് കോൺഗ്രസ് ആസ്ഥാനത്തേക്ക് ഇന്ന് ബിജെപി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്കാണ് ഉച്ചയ്ക്ക് ഒരു മണിക്ക് മാർച്ച് നടത്തുന്നത്.
പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നുവെന്ന ആരോപണം ഉയർത്തിയാണ് ബിജെപി സംസ്ഥാനതല പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മാർച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും.
ജനാധിപത്യത്തിൽ സമാധാനപരമായ പ്രതിഷേധം ഓരോ പൗരന്റെയും അവകാശമാണെന്നും, എന്നാൽ അക്രമവും നിയമലംഘനവും ജനാധിപത്യത്തിന്റെ ഭാഗമല്ലെന്നും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. നിയമം ലംഘിക്കുന്നവർ അതിന് നിയമപരമായി മറുപടി പറയേണ്ടതുണ്ടെന്നും, അരാജകത്വത്തിന് മീതെ നിയമം വിജയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ലോക്സഭയിലെ പ്രതിപക്ഷ നേതാവിനും കോൺഗ്രസ് എംപിമാർക്കും നേരെ പൊലീസ് അതിക്രമം ഉണ്ടായെന്ന ആരോപണം കോൺഗ്രസ് ആവർത്തിച്ചു. സംഭവത്തിൽ പാർലമെന്റിൽ വിശദമായ ചർച്ച നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.